ദില്ലി: പതഞ്ജലി, ഡാബര്‍, സന്ദു തുടങ്ങിയ പ്രധാനപ്പെട്ട ബ്രാന്റുകള്‍ വില്‍ക്കുന്ന തേനില്‍ ചൈനീസ് പഞ്ചസാരയടങ്ങിയിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) ആരോപണം. കൊവിഡ് കാലത്ത് തേന്‍ വില്‍പന വര്‍ധിച്ചിട്ടും കര്‍ഷകര്‍ക്ക് ലാഭം കുറഞ്ഞെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് സിഎസ്ഇ പരിശോധന നടത്തിയതെന്ന് ഡയറക്ടര്‍ ജനറല്‍ സുനിത നരെയ്ന്‍ പറഞ്ഞു. സോഫ്റ്റ് ഡ്രിങ്കുകളില്‍ കണ്ടെത്തിയതിനേക്കാള്‍ വലിയ തട്ടിപ്പാണ് ഇപ്പോള്‍ തേനില്‍ നടക്കുന്നത്. ആരോഗ്യത്തിന് അപകടമാകുന്ന മായം ചേര്‍ക്കലാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

തേന്‍ വില്‍ക്കുന്ന ഒട്ടുമിക്ക ബ്രാന്‍ഡുകളും ഷുഗര്‍ സിറപ്പ് ഉപയോഗിച്ച് മായം ചേര്‍ത്തവയാണെന്നും സിഎസ്ഇ കണ്ടെത്തി. തേനിന് പകരം ആളുകള്‍ കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുകയാണെന്നും ഇത് പൊണ്ണത്തടി പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നും അവര്‍ പറഞ്ഞു. നിലവിലുള്ള പരിശോധനാ രീതികളെ മറികടന്നാണ് തേനില്‍ മായം ചേര്‍ക്കുന്നത്. കരിമ്പ്, ചോളം, നെല്ല്, ബീറ്റ് റൂട്ട് തുടങ്ങിയവയില്‍ നിന്നുള്ള പഞ്ചസാരയാണ് തേനില്‍ ചേര്‍ക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ സി3, സി4 പരിശോധനകളില്‍ തിരിച്ചറിയും. എന്നാല്‍ ചൈനീസ് പഞ്ചസാര ചേര്‍ത്താല്‍ ന്യൂക്ലിയര്‍ മാഗ്നറ്റിക് റിസനന്‍സ് പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയൂ. കയറ്റുമതി ചെയ്യുന്ന തേനുകള്‍ക്ക് ഈ പരിശോധന നിര്‍ബന്ധമാക്കിയത് ഈയടുത്താണ്.

ചെറുതും വലുതുമായ 13 ബ്രാന്‍ഡുകളുടെ ഉല്‍പന്നമാണ് സിഎസ്ഇ പരിശോധനക്കെടുത്തത്. അതേസമയം, സിഎസ്ഇ ആരോപണം നിഷേധിച്ച് കമ്പനികള്‍ രംഗത്തെത്തി.  തേനില്‍ മായം ചേര്‍ക്കുന്നുവെന്ന ആരോപണം പതഞ്ജലിയും ഡാബറും സാന്ദുവും നിഷേധിച്ചു. എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് തേന്‍ വില്‍ക്കുന്നതെന്നും ഇവര്‍ അവകാശപ്പെട്ടു.