പട്ന: ബിഹാറിലെ വിജയം നരേന്ദ്ര മോദിയുടേതാണെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍. പ്രധാനമന്ത്രിക്ക് ബിഹാർ ജനത പിന്തുണ നൽകിയതിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നുവെന്ന് ചിരാഗ് പാസ്വാൻ പ്രതികരിച്ചു. ലോക് ജനശക്തി പാർട്ടി ആരുടെയും പിന്തുണയില്ലാതെ നന്നായി പോരാടി. 

2025 ലെ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം ഉണ്ടാക്കുമെന്നും ചിരാഗ് കൂട്ടിച്ചേര്‍ത്തു.'അച്ഛന്‍റെ മരണശേഷം ചുരുങ്ങിയ ദിവസം മാത്രമാണ് പ്രചാരണം നടത്താനായത്. അത് ഫലത്തെ ബാധിച്ചിട്ടുണ്ടെന്നും ചിരാഗ് പറയുന്നു. ചിരാഗ് പാസ്വാന്‍റെ എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്. ബിജെപി 74 സീറ്റാണ് ബിഹാറില്‍ നേടിയത്.

നിതീഷ് കുമാറിന്‍റെ ജെഡിയുവിന് വോട്ട് കുറയാന്‍ ചിരാഗ് പാസ്വാന്‍റെ എല്‍ജെപിക്ക് സാധിച്ചുവെന്നാണ് നിരീക്ഷണം. 243 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ എൻഡിഎക്ക് സാധിച്ചെങ്കിലും ജെഡിയുവിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.