ചിരാഗ് പസ്വാനുൾപ്പടെ ലോക്സഭയിൽ ലോക് ജനശക്തി പാർട്ടിക്ക് 6 എംപിമാരാണുള്ളത്. ഇതിൽ ചിരാഗിന്‍റെ ചെറിയച്ഛൻ പശുപതി കുമാർ പരസിന്‍റെ നേതൃത്വത്തിൽ ബാക്കി 5 എംപിമാരും ചിരാഗിനെ കൈവിട്ടു. ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി കണക്കാക്കണമെന്ന് കാട്ടി കത്ത് നൽകി.

പട്ന: ലോക് ജനശക്തി പാർട്ടിയിൽ പൊട്ടിത്തെറി. പാർട്ടി നേതാവും എംപിയുമായ ചിരാഗ് പസ്വാനെ അക്ഷരാർത്ഥത്തിൽ ഒറ്റയ്ക്കാക്കി പാർട്ടിയിൽ വൻപിളർപ്പ്. ലോക് ജനശക്തി പാർട്ടി എംപിമാരായിരിക്കെത്തന്നെ തങ്ങളെ പ്രത്യേക ബ്ലോക്കായി കണക്കാക്കണമെന്ന് കാട്ടി എൽജെപിയുടെ അഞ്ച് എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. ലോക് ജനശക്തി പാർട്ടിക്ക് ചിരാഗ് പസ്വാനുൾപ്പടെ ആകെ ആറ് എംപിമാരേയുള്ളൂ. ഇതിൽ അഞ്ച് പേരാണ് ചിരാഗ് പസ്വാനെ മാറ്റി നിർത്തി പിളർന്ന് വേറെ ബ്ലോക്കായി ഇരിക്കാൻ തീരുമാനിച്ചത്. ചിരാഗിന്‍റെ ചെറിയച്ഛൻ പശുപതി കുമാർ പരസിന്‍റെ നേതൃത്വത്തിലാണ് നീക്കം. 

ചിരാഗിന്‍റെ അച്ഛനും എൽജെപി പ്രസിഡന്‍റും സ്ഥാപകനേതാവുമായിരുന്ന രാംവിലാസ് പസ്വാന്‍റെ ഏറ്റവുമിളയ അനുജനാണ് പശുപതി കുമാർ പരസ്. രാംവിലാസ് പസ്വാന്‍റെ മരണശേഷം ചിരാഗും ചെറിയച്ഛൻ പരസും തമ്മിൽ സംസാരിക്കാറുപോലുമില്ലായിരുന്നുവെന്നും ആശയവിനിമയം വെറും കത്തുകളിലൂടെയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. 

എന്നാൽ ട്വിസ്റ്റ് അവിടെയല്ല. എൽജെപിയിലെ ഈ പൊട്ടിത്തെറി ആസൂത്രണം ചെയ്തത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിലെ ഹാജിപൂരിൽ നിന്ന് ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് എംപിയായ പശുപതി കുമാർ പരസിന് കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്താണ് പാർട്ടിയിലെ ഈ പിളർപ്പിന് നിതീഷ് വളം വച്ച് കൊടുത്തതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എൽജെപി എംപിമാർക്കിടയിൽ പൊതുവെ ചിരാഗിനോടുണ്ടായിരുന്ന അതൃപ്തി മുതലെടുത്ത നിതീഷ്, പസ്വാൻ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മഹേശ്വർ ഹസാരിയെന്ന നേതാവ് വഴിയാണ് മറ്റ് എംപിമാരെ സമീപിച്ചത്. ചിരാഗിന്‍റെ സഹോദരപുത്രൻ കൂടിയായ പ്രിൻസ് രാജ്, ചന്ദൻ സിംഗ്, വീണാ ദേവി, മെഹബൂബ് അലി കൈസർ എന്നിവരും പശുപതി കുമാർ പരസും വരുംദിവസങ്ങളിൽ നിതീഷിന്‍റെ ജെഡിയുവിന് പിന്തുണ പ്രഖ്യാപിച്ചേക്കും. 

''ആകെ ഞങ്ങൾക്ക് ആറ് എംപിമാരാണുള്ളത്. പാർട്ടിയെ രക്ഷിക്കണമെന്ന് മറ്റ് അഞ്ച് എംപിമാരും ചേർന്ന് തീരുമാനിച്ചതാണ്. അതിനാൽ ഞാൻ പാർട്ടി പിളർത്തുകയല്ല, പാർട്ടിയെ രക്ഷിക്കുകയാണ് ചെയ്തത്. ചിരാഗ് എന്‍റെ സഹോദരപുത്രനാണ്. പാർട്ടിയുടെ ദേശീയ പ്രസിഡന്‍റും. എനിക്ക് ചിരാഗിനോടൊന്നും പറയാനില്ല. എൻഡിഎക്കൊപ്പം തന്നെ ഞാൻ ഉറച്ചു നിൽക്കുന്നു. നിതീഷ് കുമാർ മികച്ച നേതാവാണ്. വികാസ് പുരുഷനും (വികസനനായകൻ)'', എന്നായിരുന്നു സ്പീക്കർക്ക് കത്ത് നൽകിയ ശേഷമുള്ള പശുപതി കുമാർ പരസിന്‍റെ പ്രതികരണം. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ നിൽക്കുന്നതിന് പകരം ഒറ്റയ്ക്ക് മത്സരിക്കാനുള്ള ചിരാഗിന്‍റെ തീരുമാനത്തോടെയാണ് പാർട്ടിയിൽ ഭിന്നതകൾ ഉടലെടുത്ത് തുടങ്ങിയത്. എൽജെപി ജെഡിയുവിനെതിരെ പല മണ്ഡലങ്ങളിലും മത്സരിച്ചത് നിതീഷ് കുമാറിനുണ്ടാക്കിയ നഷ്ടം ചില്ലറയല്ല. ബിജെപിക്കും ആർജെഡിക്കും പിന്നിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു സീറ്റുകൾ നേടിയത്. 

അവസരം കാത്തിരുന്ന നിതീഷ് കുമാർ, ഒക്ടോബർ 8-ന് രാംവിലാസ് പസ്വാന്‍റെ മരണത്തോടെ പാർട്ടിയിൽ ഭിന്നതകൾ ഉടലെടുത്തത് കണ്ടുനിന്നു. അവസരം നോക്കി തിരിച്ചടിച്ചു. ഭിന്നസ്വരത്തിലുള്ള പ്രസ്താവനയ്ക്കെതിരെ ചിരാഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പരസിനെതിരെ രൂക്ഷവിമർശനമാണുണ്ടായിരുന്നത്. കത്തിൽ ചിരാഗ് പറഞ്ഞത്, ''താങ്കൾ എന്‍റെ ചോരയല്ല'', എന്നായിരുന്നു. എന്നാൽ ''നിന്‍റെ ചെറിയച്ഛൻ ഇതോടെ മരിച്ചു''വെന്ന് തിരിച്ച് പ്രസ്താവനയിറക്കിയ പരസ് പിന്നീട് ചിരാഗുമായി ഒരിക്കൽപ്പോലും സംസാരിച്ചതേയില്ല. നവംബറിലെ നിയമസഭാതെരഞ്ഞെടുപ്പിൽ ചർച്ച പോലും നടത്താതെ ചിരാഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് പരസിനെ ആഴത്തിൽ മുറിവേൽപ്പിച്ചു. പാർട്ടിയിലെ പിളർപ്പ് ഇതോടെ ആസന്നമായിരുന്നു. എന്നാൽ തന്‍റെ അച്ഛന്‍റെ സഹോദരപുത്രൻ പ്രിൻസ് രാജ് അടക്കം മറുചേരിയിലേക്ക് പോയത് ചിരാഗിനും വലിയ ആഘാതമാവുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona