Asianet News MalayalamAsianet News Malayalam

ഓമനിച്ച് വളർത്തുന്ന പുലികളെ ഉപേക്ഷിച്ച് യുക്രൈനിൽ നിന്ന് മടങ്ങാത്ത ഇന്ത്യൻ ഡോക്ടറോട് ചിരഞ്ജീവിക്ക് പറയാനുള്ളത്

യുദ്ധ ഭീതിയിലായത് മുതല്‍ മൃഗശാലയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പരിപാലനം കണക്കിലെടുത്ത് ആക്രമണം രൂക്ഷമായ ലുഹാന്‍സ്ക് മേഖലയില്‍ തന്നെ തുടരുകയാണെന്ന് സ്വന്തം യൂടൂബ് ചാനലിലൂടെ ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്

chiranjeevi congratulates indian native doctor who refused to leave Ukraine without his Leopard and Panther
Author
Amaravathi, First Published Mar 13, 2022, 6:46 PM IST

അമരാവതി: വീട്ടില്‍ പരിപാലിച്ചിരുന്ന പുലികളെ ഉപേക്ഷിക്കാന്‍ മടിച്ച് യുക്രൈനില്‍ തന്നെ തുടര്‍ന്ന ഇന്ത്യക്കാരനായ ഡോക്ടർക്ക് അഭിനന്ദനവുമായി ചിരജ്ഞീവി (Chiranjeevi) രംഗത്ത്. ആന്ധ്രാ സ്വദേശിയായ ഡോക്ടര്‍ ഗിരി കുമാര്‍ പാട്ടീലാണ് മൃഗങ്ങളുടെ പരിപാലനം കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങാതിരുന്നത്. ചിരഞ്ജീവി ചിത്രം ലങ്കേശ്വരുഡുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുലികളെയും ജാഗ്വാറിനെയും വീട്ടിലൊരുക്കിയ പ്രത്യേക കൂട്ടില്‍ പരിപാലിക്കാന്‍ തുടങ്ങിത്. പുള്ളിപ്പുലിയും (Leopard) കരിമ്പുലിയുമാണ് (Panther) ഇദ്ദേഹത്തിൻ്റെ വീട്ടിലുള്ളത്.

യുദ്ധ ഭീതിയിലായത് മുതല്‍ മൃഗശാലയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പരിപാലനം കണക്കിലെടുത്ത് ആക്രമണം രൂക്ഷമായ ലുഹാന്‍സ്ക് മേഖലയില്‍ തന്നെ തുടരുകയാണെന്ന് സ്വന്തം യൂടൂബ് ചാനലിലൂടെ ഡോക്ടര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടറെ അഭിനന്ദിച്ച് ചിരജ്ഞീവി തന്നെ രംഗത്തെത്തിയത്. മൃഗങ്ങളോടുള്ള ഗിരി കുമാറിന്‍റെ അനുകമ്പയും സ്നേഹവും ഏറെ പ്രശംസനീയമെന്ന് ഡോക്ടര്‍ ഗിരി കുമാറിന് അയച്ച ഇ മെയില്‍  സന്ദേശത്തില്‍ ചിരജ്ഞീവി പറഞ്ഞു.

പരിഹാരമില്ലാതെ നാട്ടിലേക്കില്ലെന്നുറപ്പിച്ച് ഡോക്ടര്‍ ഗിരി കുമാര്‍

താന്‍ ഓമനിച്ച് വളര്‍ത്തിയ പുള്ളിപ്പുലിയെയും കരിമ്പുലിയെയും വിട്ട് സ്വദേശത്തേക്ക് ഇല്ലെന്ന് ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഡോക്ടര്‍ ഗിരി കുമാര്‍ വ്യക്തമാക്കി രംഗത്തെത്തിയിത്.  യുദ്ധം രൂക്ഷമായി തുടരുമ്പോള്‍ പൗരന്‍മാരെ സ്വന്തം രാജ്യത്തിലേക്ക് തിരികെയെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെയാണ് ഡോക്ടര്‍ ഗിരികുമാര്‍ പാട്ടീല്‍ വളര്‍ത്തുമൃഗങ്ങളെ വിട്ട് നാട്ടിലേക്കില്ലെന്ന് പറഞ്ഞത്. രണ്ട് പുലികളുമായി ഡോണ്‍ബാസിലെ സെവറോഡോനെസ്‌കിലെ വീടിന് സമീപത്തെ ബങ്കറിലാണ് ഇയാള്‍ കഴിയുന്നത്. പ്രദേശം സുരക്ഷിതമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പുലികളെ ഉപേക്ഷിച്ച് വരാന്‍ ഡോക്ടര്‍ തയാറായില്ല. ' എന്റെ ജീവന്‍ രക്ഷിക്കാന്‍ ഇവരെ ഞാന്‍ ഉപേക്ഷിക്കില്ല. ഇവര്‍ രണ്ടും എന്റെ കുട്ടികളാണ്. എന്റെ വീട്ടുകാര്‍ അവയെ ഉപേക്ഷിച്ച് തിരിച്ച് വരാന്‍ പറയുന്നുണ്ട്. എന്നാല്‍ എന്റെ അവസാനശ്വാസം വരെ ഞാന്‍ അവരോടൊപ്പമായിരിക്കും.'- ഡോക്ടറുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. സമീപത്തെ മൃഗശാലയില്‍ നിന്ന് ദത്തെടുത്താണ് ഇയാള്‍ പുലികളെ വളര്‍ത്തുന്നത്.

2007 മുതല്‍ യുക്രൈനിലാണ് താമസിക്കുന്നത്. 20 മാസം പ്രായമുള്ള ആണ്‍ പുള്ളിപ്പുലിക്ക് യാഷ എന്നാണ പേര്. ആറ് മാസം പ്രായമുള്ള പെണ്‍ കരിമ്പുലിയെ സബ്രീന എന്നും പേരിട്ടു. ഇവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ മാത്രമാണ് ഇയാള്‍ പുറത്തിറങ്ങുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതുകൂടാതെ ഇയാള്‍ക്ക് മൂന്ന് വളര്‍ത്തുനായ്ക്കളുമുണ്ട്. തന്റെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സില്‍ നിന്നാണ് ഇവയെ പരിപാലിക്കാന്‍ ഫണ്ട് കണ്ടെത്തുന്നത്. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തനുകു സ്വദേശിയാണ് ഡോ. പാട്ടീല്‍. തന്റെ വളര്‍ത്തുമൃഗങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കുമെന്ന് അദ്ദേഹം ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്.

 

Follow Us:
Download App:
  • android
  • ios