Asianet News MalayalamAsianet News Malayalam

'ഇവര്‍ എന്റെ മക്കള്‍; വീട്ടില്‍ വളര്‍ത്തുന്ന പുലികളെ ഉപേക്ഷിച്ച് യുക്രൈന്‍ വിടില്ലെന്ന് ഇന്ത്യന്‍ ഡോക്ടര്‍

20 മാസം പ്രായമുള്ള ആണ്‍ പുള്ളിപ്പുലിക്ക് യാഷ എന്നാണ പേര്. ആറ് മാസം പ്രായമുള്ള പെണ്‍ കരിമ്പുലിയെ സബ്രീന എന്നും പേരിട്ടു. ഇവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ മാത്രമാണ് ഇയാള്‍ പുറത്തിറങ്ങുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
 

Indian Doctor Refuses To Leave Ukraine Without His Pet Jaguar And Panther
Author
Kiev, First Published Mar 7, 2022, 5:02 PM IST

കീവ്: താന്‍ ഓമനിച്ച് വളര്‍ത്തിയ പുള്ളിപ്പുലിയെയും (Leopard) കരിമ്പുലിയെയും (Panther) വിട്ട് സ്വദേശത്തേക്ക് ഇല്ലെന്ന് ഇന്ത്യന്‍ പൗരന്‍. യുക്രൈനില്‍ (Ukriane)  ഡോക്ടറായ ഇന്ത്യക്കാരനാണ് തന്റെ പുലികളെ വിട്ട് എങ്ങോട്ടുമില്ലെന്ന് വ്യക്തമാക്കിയത്. യുദ്ധം രൂക്ഷമായി തുടരുമ്പോള്‍ പൗരന്‍മാരെ സ്വന്തം രാജ്യത്തിലേക്ക് തിരികെയെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെയാണ് ഡോക്ടര്‍ ഗിരികുമാര്‍ പാട്ടീല്‍ വളര്‍ത്തുമൃഗങ്ങളെ വിട്ട് നാട്ടിലേക്കില്ലെന്ന് പറഞ്ഞത്.

രണ്ട് പുലികളുമായി ഡോണ്‍ബാസിലെ സെവറോഡോനെസ്‌കിലെ വീടിന് സമീപത്തെ ബങ്കറിലാണ് ഇയാള്‍ കഴിയുന്നത്. പ്രദേശം സുരക്ഷിതമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പുലികളെ ഉപേക്ഷിച്ച് വരാന്‍ ഡോക്ടര്‍ തയാറാകുന്നില്ല. ' എന്റെ ജീവന്‍ രക്ഷിക്കാന്‍ ഇവരെ ഞാന്‍ ഉപേക്ഷിക്കില്ല. ഇവര്‍ രണ്ടും എന്റെ കുട്ടികളാണ്. എന്റെ വീട്ടുകാര്‍ അവയെ ഉപേക്ഷിച്ച് തിരിച്ച് വരാന്‍ പറയുന്നുണ്ട്. എന്നാല്‍ എന്റെ അവസാനശ്വാസം വരെ ഞാന്‍ അവരോടൊപ്പമായിരിക്കും.'- ഡോക്ടര്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സമീപത്തെ മൃഗശാലയില്‍ നിന്ന് ദത്തെടുത്താണ് ഇയാള്‍ പുലികളെ വളര്‍ത്തുന്നത്.

2007 മുതല്‍ യുക്രൈനിലാണ് താമസിക്കുന്നത്. 20 മാസം പ്രായമുള്ള ആണ്‍ പുള്ളിപ്പുലിക്ക് യാഷ എന്നാണ പേര്. ആറ് മാസം പ്രായമുള്ള പെണ്‍ കരിമ്പുലിയെ സബ്രീന എന്നും പേരിട്ടു. ഇവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ മാത്രമാണ് ഇയാള്‍ പുറത്തിറങ്ങുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതുകൂടാതെ ഇയാള്‍ക്ക് മൂന്ന് വളര്‍ത്തുനായ്ക്കളുമുണ്ട്. തന്റെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സില്‍ നിന്നാണ് ഇവയെ പരിപാലിക്കാന്‍ ഫണ്ട് കണ്ടെത്തുന്നത്. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തനുകു സ്വദേശിയാണ് ഡോ. പാട്ടീല്‍. തന്റെ വളര്‍ത്തുമൃഗങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

യുക്രൈനില്‍ നിന്ന് തിരിച്ചുവരുന്നവര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കാനാകുന്നില്ലെന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അടക്കം വളര്‍ത്തുമൃഗങ്ങളുമായി യുദ്ധഭൂമിയില്‍ നിന്ന് നാട്ടിലെത്തിയത് വാര്‍ത്തയായിരുന്നു. നിരവധി പേര്‍ വെല്ലുവിളികള്‍ അതിജീവിച്ച് വളര്‍ത്തുമൃഗങ്ങളായ നായയെയും പൂച്ചയെയുമെല്ലാം നാട്ടിലെത്തിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios