ശ്രീരംഗത്തെ ശ്രീരംഗനാഥ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാര്‍ പ്രതിമ തകര്‍ക്കാനാണ് ഈ അടുത്ത് നടത്തിയ പ്രസംഗത്തിൽ കനൽ കണ്ണൻ ആഹ്വാനം ചെയ്തത്.
ചെന്നൈ : തമിഴ് സിനിമാ കൊറിയോഗ്രാഫര്‍ കനൽ കണ്ണൻ അറസ്റ്റിൽ. പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കാൻ ആഹ്വാനം ചെയ്തെന്ന തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം നേതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ഹിന്ദു മുന്നണിയുടെ ആര്‍ട്ട് ആന്റ് കൾച്ചര്‍ വിഭാഗത്തിന്റെ പ്രസിഡന്റാണ് കനൽ കണ്ണൻ. ശ്രീരംഗത്തെ ശ്രീരംഗനാഥ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാര്‍ പ്രതിമ തകര്‍ക്കാനാണ് ഈ അടുത്ത് നടത്തിയ പ്രസംഗത്തിൽ കനൽ കണ്ണൻ ആഹ്വാനം ചെയ്തത്.
ഒരു ലക്ഷത്തോളം ഹിന്ദു വിശ്വാസികൾ ആണ് ശ്രീരംഗനാഥര്‍ ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്തുന്നത്. എന്നാൽ ക്ഷേത്രത്തിന് എതിര്‍വശത്തായി ദൈവം ഇല്ലെന്ന് പറഞ്ഞയാളുടെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത് - കനൽ കണ്ണൻ പ്രസംഗത്തിൽ പറഞ്ഞു.
ദ്രാവിഡര്‍ കഴകം സ്ഥാപകനായ പെരിയാറിന്റെ വെങ്കല പ്രതിമ 2006ലാണ് ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചത്.
കനൽ കണ്ണന് മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയെങ്കിലും ജില്ലാകോടതി വ്യാഴാഴ്ച അപേക്ഷ തള്ളി. ഇതോടെ ഞായറാഴ്ച കനൽ കണ്ണനെ പുതുച്ചേരിയിൽ വച്ച് അറസ്റ്റ് ചെയ്തു. മലയാളം, തമിഴ്, തെലുഗു, കന്നഡ ചിത്രങ്ങളിൽ കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും കനൽ കണ്ണൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
