ദില്ലി: രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സിനിമാ തിയേറ്ററുകൾ ഇനി തുറക്കാമെന്ന് ശുപാർശ. അൺലോക്ക് നാലിൽ സിനിമ ഹാളുകളും തുറക്കാൻ അനുവദിക്കണമെന്ന് ഉന്നതാധികാര സമിതിയാണ് ശുപാർശ നൽകിയിരിക്കുന്നത്. തിയേറ്ററുകൾ മാത്രമുള്ള സമുച്ചയങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അനുവാദം കിട്ടിയേക്കുമെന്നാണ് സൂചന.

മാളുകളിലെ മൾട്ടിസ്ക്രീനുകൾ തുറക്കുന്ന കാര്യം അടുത്ത ഘട്ടത്തിൽ പരിഗണിച്ചേക്കും. കൊവിഡിനെത്തുടർന്നുണ്ടായ ഭീമമായ തൊഴിൽ നഷ്ടം പരി​ഗണിച്ചാണ് തീരുമാനം. അഞ്ചുമാസത്തിൽ രാജ്യത്ത് വൻ തൊഴിൽ നഷ്ടമുണ്ടായതായാണ് കണക്ക്. ജൂലൈയിൽ മാത്രം 50 ലക്ഷം ജോലിക്കാർക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്. സംഘടിതമേഖലയിൽ മാത്രം ആകെ തൊഴിൽ നഷ്ടം രണ്ട് കോടിക്ക് അടുത്ത് വരുമെന്നാണ് കണക്കെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

അൺലോക്ക് പ്രക്രിയ തുടരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ജൂൺ ഒന്ന് മുതലാണ് അൺലോക്ക് പ്രക്രിയ കേന്ദ്രസർക്കാർ തുടങ്ങിയത്. ലോക്ക്ഡൗണിൽ നിന്ന് പുറത്തേക്ക് കടക്കാനുള്ള മാർ​ഗനിർദേശമാണ് അന്ന് തയ്യാറാക്കിയിരുന്നത്. എന്നാൽ, സർക്കാർ വിചാരിച്ച വേ​ഗത്തിൽ അന്ന് കാര്യങ്ങൾ മുന്നോട്ട് പോയില്ല. ജൂൺ ഒന്നിന് അൺലോക്കിന്റെ ആദ്യഘട്ടവും ജൂലൈ ഒന്നിന് അൺലോക്കിന്റെ രണ്ടാം ഘട്ടവും തുടങ്ങി. ഇപ്പോൾ അൺലോക്കിന്റെ മൂന്നാം ഘട്ടത്തിലാണ് രാജ്യം. നാലാം ഘട്ടം ആരംഭിക്കുന്ന സെപ്തംബർ ഒന്ന് മുതൽ സിനിമാഹാളുകൾ തുറക്കുക എന്ന നിർദേശമാണ് ഉന്നതാധികാര സമിതിയുടെ ഭാ​ഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സെക്രട്ടറിമാരുടെ സമിതിയാണ് ഈ ശുപാർശ ഇപ്പോൾ കേന്ദ്രസർക്കാരിന് നൽകിയിരിക്കുന്നത്. 

സിനിമാ ഹാളുകളിൽ സാമൂഹിക അകലം പാലിച്ച്, കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ജനങ്ങൾക്ക് വരാൻ അവസരം നൽകണമെന്നാണ് ശുപാർശ. സാമ്പത്തികമേഖലയാകെ തുറക്കാനുള്ള തീരുമാനം എടുക്കുമ്പോൾ സിനിമാഹാളുകൾ മാത്രം അടച്ചിടേണ്ട കാര്യമില്ല. മാളുകളിലെ മൾട്ടിപ്ലക്സ് തിയേറ്ററുകൾക്ക് ഈ ഘട്ടത്തിൽ അനുമതി ലഭിച്ചേക്കില്ല. രണ്ടു ബുക്കിം​ഗുകൾക്കിടയിൽ മൂന്ന് സീറ്റുകൾ ഒഴിച്ചിടണമെന്നാണ് നിലവിലെ ശുപാർശ. ഒരു കുടുംബത്തിലെ ആളുകൾക്ക് തിയേറ്ററിനുള്ളിൽ അടുത്തടുത്തിരിക്കാമെന്ന വ്യവസ്ഥയും ശുപാർശയിലുണ്ട്. 

 

Read Also: പശ്ചിമകൊച്ചിയിൽ കൗൺസിലർക്ക് കൊവിഡ്; കൊച്ചി മേയർ സൗമിനി ജെയിൻ ഉൾപ്പടെ നിരീക്ഷണത്തിൽ...