Asianet News MalayalamAsianet News Malayalam

Jammu Kashmir : ജമ്മു കശ്മീരിൽ ഭീകരാക്രമണവും രണ്ടിടത്ത് ഭീകരുമായി ഏറ്റുമുട്ടലും; ഒരു ജവാന് വീരമൃത്യു

ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.

CISF jawan killed in Jammu encounter ahead of Prime Minister Narendra Modi visit
Author
Delhi, First Published Apr 22, 2022, 8:51 AM IST

കശ്മീര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) മറ്റന്നാൾ എത്താനിരിക്കെ ജമ്മു കശ്മീരിൽ (Jammu Kashmir) ഭീകരാക്രമണവും രണ്ടിടത്ത് ഭീകരുമായി ഏറ്റുമുട്ടലും. ജമ്മുവിൽ സിഐഎസ്എഫ് ജവാൻമാരുടെ ബസിന് നേരെയുണ്ടായ ഭീകരാആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഗ്രേനേഡ് ആക്രമണമാണ് നടന്നതെന്ന് സിഐഎസ്എഫ് അറിയിച്ചു.  രണ്ടിടങ്ങളിലായി നടന്ന ഏറ്റമുട്ടലിൽ ആറ് ഭീകരരെയാണ്  സൈന്യം വധിച്ചത്. ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രണ്ട് ദിവസം ബാക്കിയുള്ളപ്പോൾ ജമ്മുകശ്മീരിൽ അതീവജാഗ്രത പ്രഖ്യാപിച്ചു. 

ജമ്മുവിലെ ചദ്ദയിൽ ഇന്ന് പുലർച്ചെ നാല് ഇരുപത്തിയഞ്ചിനാണ് സിഐഎസ്എഫ് ജവാൻമാരുടെ ബസിനു നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞത്. ഭീകരരുടെ നീക്കത്തെ ഉടൻ സിഐഎസ്എഫ് നേരിട്ടു. പുൽവാമ മാതൃകയിൽ നടത്തിയ നീക്കം ചെറുക്കാനായെന്ന് സിഐഎസ്എഫ് അറിയിച്ചു. ഒരു എഎസ്ഐ വീരമൃത്യു വരിച്ചു. രണ്ട് ജവാൻമാർക്ക് പരിക്കുണ്ട്. ജമ്മുവിന് അടുത്ത് ഗുജ്വാനിൽ സൈനിക ക്യാമ്പിനടുത്ത് പതിയിരുന്ന ഭീകരരെ സൈന്യം നേരിട്ടു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമ്യത്യു വരിച്ചു. ബാരാമുള്ളയിൽ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടൽ ഇന്നും തുടരുകയാണ്. ലഷ്ക്കർഎ തയ്ബ കമാൻഡർ ഉൾപ്പടെ നാല് ഭീകരരെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും സേന പിടിച്ചെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് ജമ്മുവിൽ എത്തുന്നത്. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയിലും പ്രധാനമന്ത്രി സംസാരിക്കും. പഞ്ചായത്ത് അംഗങ്ങളെയും സർപഞ്ചുമാരെയും ഭീകരർ ലക്ഷ്യം വയ്ക്കുന്ന പശ്ചാത്തലത്തിൽ അവർക്ക് ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യം. പുതിയ സാഹചര്യത്തിൽ ജമ്മുകശ്മീരിലാകെ സുരക്ഷയും നിരീക്ഷണവും കർശനമാക്കാനാണ് നിർദ്ദേശം.

കശ്മീരിലെ ബാരാമുള്ളയില്‍ പഞ്ചായത്ത് അധ്യക്ഷനെ കഴിഞ്ഞ ദിവസം ഭീകരര്‍ വെടിവെച്ചുകൊന്ന സാഹചര്യവുമുണ്ടായിരുന്നു. ഗോഷ് ബഗ് ഗ്രാമത്തിലെ സർപഞ്ചായ മന്‍സൂര്‍ അഹമ്മദ് ബാന്‍ഗ്രു ആണ് കൊല്ലപ്പെട്ടത്. 2011 ന് ശേഷം ഭീകരര്‍ കൊലപ്പെടുത്തുന്ന ഇരുപത്തിയൊന്നാമത്തെ പഞ്ചായത്ത് അംഗമാണ് ബാന്‍ഗ്രു. കശ്മീരിലെ ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയാത്തത് ഹൃദയഭേദകമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുള്ളയടക്കം പ്രതികരിച്ചത്.

Follow Us:
Download App:
  • android
  • ios