ദില്ലി: പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ദില്ലി ജമാ മസ്ജിദിൽ വലിയ പ്രക്ഷോഭം നയിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കുകയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ചന്ദ്രശേഖർ ആസാദിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ആളുകൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ഇതിനിടെ, അറസ്റ്റിലാകുന്നതിന് മുമ്പ് ചന്ദ്രശേഖർ പറഞ്ഞ വാക്കുകൾ സമൂഹമാധ്യങ്ങളിൽ വൈറലാക്കുകയാണ്.

''ജയ് ഭീം.. ഇത് വലിയ പോരാട്ടമാണ്. സിഎഎ, എന്‍ആര്‍സി എന്നിവ ഇന്ത്യയെ തകര്‍ത്തുകളയും. നാം രാജ്യത്തിനൊപ്പം നില്‍ക്കണം. ഇത് മുസ്‍ലിം സഹോദരങ്ങളുടെ മാത്രമല്ല, എല്ലാവരുടെയും പോരാട്ടമാണ്. ഈ പോരാട്ടത്തെ തകര്‍ക്കാന്‍ ഞങ്ങൾ അനുവദിക്കില്ല. സര്‍ക്കാരിന് കീഴടങ്ങാന്‍ തയാറാണ്. പക്ഷെ, സര്‍ക്കാരിനോട് പറയാനുള്ളത്, ഈ നിയമം നിങ്ങള്‍ക്ക് പിന്‍വലിക്കേണ്ടിവരും.

Read More:  അണയാതെ പൗരത്വ പ്രതിഷേധം; പൊലീസിനെ വിറപ്പിച്ച ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

സുഹൃത്തുക്കളേ, ഈ സമരം തളര്‍ന്നുപോവരുത്. ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. കാരണം, നമ്മുടെ ഐക്യമാണ് നമ്മുടെ ശക്തി. പ്രതിഷേധം സമാധാന പൂര്‍ണ്ണമായിരിക്കണം. ലാത്തിക്കും വെടിയുണ്ടകള്‍ക്കും നമ്മള്‍ അവസരം കൊടുക്കരുത്. സമാധാനം കൊണ്ടുമാത്രമേ ശത്രുക്കളെ നേരിടാവൂ. എല്ലാരും ഒരുമിച്ച് തെരുവിലിറങ്ങണം. ഇതൊരു ജാതിയുടെയോ മതത്തിന്‍റെയോ പ്രശ്നമല്ല. എല്ലാവരുടെയും, പ്രത്യേകിച്ച് ദലിത്, ആദിവാസി പിന്നാക്ക വിഭക്കാരുടെ സമ്പത്തും അവകാശങ്ങളും പിടിച്ചടക്കാനുള്ള ശ്രമമാണ്.

അമിത് ഷാ ഏതു വിധേനയും ചന്ദ്രശേഖര്‍ ആസാദിനെ പിടികൂടുമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഞാന്‍ തന്നെ അങ്ങോട്ട് വരുന്നു. പക്ഷെ, നിങ്ങളോട് ഒന്നേ പറയാനുള്ളൂ, അംബേദ്ക്കറുടെ മക്കള്‍ തലകുനിക്കുന്നവരല്ല. തല വെട്ടിയാലും ഞാനെന്‍റെ വാക്ക് മാറ്റില്ല'', ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാക്കുകയാണ്. വെള്ളിയാഴ്ച ദില്ലി ജമാ മസ്ജിദിന് സമീപം വൻ പ്രതിഷേധ റാലിയാണ് ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ നടന്നത്. ഇതിനിടെയാണ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജമാ മസ്ജിദിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലായിരുന്നു ചന്ദ്രശേഖർ കസ്റ്റഡിയിൽ പോകാൻ തയ്യാറായത്. അതേസമയം, ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ചന്ദ്രശേഖറിനെ 14 ദിവസത്തെ ജ്യുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ചന്ദ്രശേഖർ നൽകിയ ജാമ്യാപേക്ഷ ദില്ലി തീസ് ഹസാരി കോടതി തള്ളുകയും ചെയ്തു.