Asianet News MalayalamAsianet News Malayalam

അണയാതെ പൗരത്വ പ്രതിഷേധം; പൊലീസിനെ വിറപ്പിച്ച ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

പുലർച്ചെ 3.30 ഓടെയായിരുന്നു  ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്തത്. ജമാ മസ്ജിദിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖർ കസ്റ്റഡിയിൽ പോകാൻ തയ്യാറായത്.

Bhim Army chief Chandrashekhar Azad taken in custody
Author
Delhi, First Published Dec 21, 2019, 6:10 AM IST

ദില്ലി:  ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജമാ മസ്ജിദില്‍ വലിയ പ്രക്ഷോഭം നയിച്ച  ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ പൊലീസ്  കസ്റ്റഡിയിൽ എടുത്തു.  പുലർച്ചെ 3.30 ഓടെയാണ്  ചന്ദ്രശേഖറിനെ കസ്റ്റഡിയിലെടുത്തത്. ജമാ മസ്ജിദിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖർ കസ്റ്റഡിയിൽ പോകാൻ തയ്യാറായത്. ഇക്കാര്യം ട്വീറ്റ് ചെയ്തതിന് പിന്നാലെ ചന്ദ്രശേഖറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തിലായിരുന്നു ജമാ മസ്ജിദിലെ വന്‍ പ്രതിഷേധം നടന്നത്.

വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ് ആയിരക്കണക്കിനാളുകള്‍ എത്തിയ ജമാ മസ്ജിദിന്‍റെ ഗേറ്റുകളില്‍ ഒന്ന് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഇതോടെ നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ ഒന്നാമത്തെ ഗേറ്റില്‍ തടിച്ചുകൂടി. പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജമാ മസ്ജിദിന് പുറത്തുവെച്ച് പൊലീസ് പിടികൂടി. പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിന് സമീപമെത്തി പ്രതിഷേധം തുടര്‍ന്നത്. ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രതിഷേധം.

പിന്നീട് ആസാദിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ട് തടഞ്ഞു. ജയ് ഭീം മുഴക്കി മുഖം മറച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജമാ മസ്ജിദില്‍ എത്തിയത്. വന്‍ ജനാവലിയാണ് ആസാദിന്‍റെ നേതൃത്വത്തിലുള്ള പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. അതേസമയം നിരവധി ആളുകള്‍ ജന്ദര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്തിയതോടെ ദില്ലി ഗേറ്റിന് സമീപം ബാരിക്കേഡു വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറാകാതിരുന്നതോടെ ജന്ദര്‍ മന്ദറിലേക്കുള്ള പാതകളെല്ലാം പൊലീസ് അടച്ചിരിക്കുകയാണ്. തന്നെ അറസ്റ്റ് ചെയ്തെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ചന്ദ്രശേഖര്‍ ആസാദ് നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു. 

ഏഴാംനാളില്‍ പ്രതിഷേധക്കാരുടെ ഹീറോയായ ചന്ദ്രശേഖര്‍ ആസാദ്

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീം ആദ്മി സംഘടന രൂപീകരിച്ചുകൊണ്ടാണ് ആസാദ് ഉത്തര്‍പ്രദേശിന്‍റെ രാഷ്ട്രീയകളരിയില്‍ ശ്രദ്ധേയനായത്. അംബേദ്കറിന്‍റെയും കാന്‍ഷിറാമിന്‍റെയും ആശയങ്ങളായിരുന്നു ആസാദിന്‍റെ പാതയില്‍ ശക്തിപകര്‍ന്നത്. ദലിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഉറച്ച ശബ്ദത്തില്‍ വാദിച്ച ആസാദിന് ജയില്‍വാസമടക്കം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. 2017 ല്‍ സഹറാന്‍പൂരില്‍ ദളിതരും ഠാക്കൂറുമാരും തമ്മിലുണ്ടായ സംഘര്‍ഷമായിരുന്നു അതിന്‍റെ കാരണം. ഏകദേശം ഒന്നരവര്‍ഷക്കാലമാണ് ആസാദിന് ജയിലില്‍ കഴിയേണ്ടിവന്നത്. രാഷ്ട്രീയക്കാരന്‍റെ സ്ഥിരം ശൈലിയിലായിരുന്നില്ല ആസാദിന്‍റെ ഇടപെടലുകള്‍. കൂളിംഗ് ഗ്ലാസും പിരിച്ചുവച്ച മീശയും ആസാദിന് ആകര്‍ഷണീയത സമ്മാനിച്ചു. ഇടപെടലുകളിലെ വ്യത്യസ്തത കൂടിയായപ്പോള്‍ ആസാദ് പലര്‍ക്കും പ്രീയപ്പെട്ടവനായി മാറുകയായിരുന്നു. 

സഹറാന്‍പൂര്‍ സംഭവത്തെ തുടര്‍ന്ന് ജയില്‍വാസമനുഷ്ഠിച്ചതോടെയാണ് ആസാദ് ദേശീയ ശ്രദ്ധയിലേക്ക് എത്തുന്നത്. പുറത്തിറങ്ങിയ രാവണ്‍ പതിന്മടങ്ങ് കരുത്തനായിരുന്നു. ദലിതരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന രാവണ്‍, യോഗി സര്‍ക്കാരിനും വലിയ വെല്ലുവിളികള്‍ സമ്മാനിക്കുന്നുണ്ട്. ദലിതരുടെ രാഷ്ട്രീയത്തിനൊപ്പം മതേതരത്വത്തിന്‍റെ ശബ്ദം കൂടി ആ നാവുകളില്‍ മുഴങ്ങുന്നതാണ് ഇപ്പോള്‍ ദില്ലിയില്‍ കാണുന്നത്. ദില്ലിയിലെ പള്ളിമുറ്റത്ത് ആയിരങ്ങളാണ് പൊലീസിന് ആസാദിനെ വിട്ടുകൊടുക്കില്ലെന്ന മുദ്രാവാക്യവുമായി നിലയുറപ്പിച്ചത്. തെരുവിലെ പ്രതിഷേധം ഏഴുനാള്‍ പിന്നിടുമ്പോള്‍ പ്രക്ഷോഭങ്ങള്‍ക്ക് ഒരു നായകന്‍ ഉണ്ടായിരിക്കുന്നു എന്നത് ഭരണകൂടത്തെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാകും. പ്രത്യേകിച്ചും ദലിത് വിഭാഗത്തില്‍ നിന്നുള്ള യുവ നേതാവ്.

സഹറാന്‍പൂരില്‍ നിന്ന് മീശ പിരിച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തിയ രാവണ്‍; ഏഴാംനാളില്‍ പ്രതിഷേധക്കാരുടെ ഹീറോയായ ചന്ദ്രശേഖര്‍ ആസാദ്

Follow Us:
Download App:
  • android
  • ios