Asianet News MalayalamAsianet News Malayalam

'ഇവിടെ രാഷ്ട്രീയമില്ല', മോദിയുടെ സന്ദർശനത്തിൽ രാമകൃഷ്ണാ മിഷനിലെ സന്യാസിമാർക്ക് അതൃപ്തി

ബേലൂർ മഠത്തിന് എന്ത് രാഷ്ട്രീയം? രാഷ്ട്രീയസന്ദർശനത്തിനിടെ മോദി ബേലൂർ മഠത്തിലുമെത്തിയതിൽ അതൃപ്തിയുണ്ടെന്ന് കാട്ടിയാണ് ഒരു വിഭാഗം സന്യാസിമാർ മഠം അധികൃതർക്ക് കത്ത് നൽകിയത്. പൗരത്വനിയമത്തെക്കുറിച്ചുള്ള പ്രസ്താവനകൾ തന്നെയാണ് സന്യാസിമാരെ ചൊടിപ്പിക്കുന്നത്. 

citizenship amendment act remarks of narendramodi upsets ramakrishna mission members
Author
Kolkata, First Published Jan 13, 2020, 9:37 AM IST

കൊൽക്കത്ത: പൗരത്വ നിയമഭേദഗതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ രാഷ്ട്രീയ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ രാമകൃഷ്ണാ മിഷന്‍റെ ആസ്ഥാനമായ ബേലൂർ മഠത്തിൽ മോദി സന്ദർശനം നടത്തിയത് പശ്ചിമബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദമാകുന്നു. 19-ാം നൂറ്റാണ്ടിൽ സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച ബേലൂർ മഠത്തിന്‍റെ വേദിയെ രാഷ്ട്രീയമായി ഉപയോഗിക്കരുതായിരുന്നു എന്ന് കാട്ടി, രാമകൃഷ്ണാ മിഷനിലെ ഒരു വിഭാഗം സന്യാസിമാർ മഠത്തിന്‍റെ മേധാവിമാർക്ക് കത്ത് നൽകി.

എന്തിനാണ് ഒരു രാഷ്ട്രീയസന്ദർശനത്തിന് എത്തിയ മോദിക്ക് മഠം സന്ദർശിച്ച് തെറ്റായ രാഷ്ട്രീയസന്ദേശം നൽകാൻ വേദി നൽകിയതെന്നും കത്തിൽ ചോദിക്കുന്നു. പശ്ചിമബംഗാളിൽ രാഷ്ട്രീയനേതാക്കളും സാംസ്കാരികനേതാക്കളും മോദിയുടെ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ രാമകൃഷ്ണാ മിഷൻ ഇതുവരെ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രണ്ട് ദിവസത്തെ പശ്ചിമബംഗാൾ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ചയാണ് ബേലൂർ മഠത്തിലെത്തിയത്. ശ്രീരാമകൃഷ്ണ പരമഹംസർക്ക് ആദരമർപ്പിച്ച ശേഷം, വിവേകാനന്ദസ്വാമി ഉപയോഗിച്ചിരുന്ന മുറിയിലും മോദി സന്ദർശനം നടത്തി. ഞായറാഴ്ച ഈ ചിത്രങ്ങൾ മോദിയുടെ ഔദ്യോഗിക ഹാൻഡിലിൽ നിന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ നടത്തിയ പല മറ്റ് പരിപാടികളിലും മോദി പൗരത്വ നിയമഭേദഗതിയെക്കുറിച്ച് നിരവധി പരാമർശങ്ങളാണ് നടത്തിയത്. പൗരത്വ നിയമഭേദഗതിയെച്ചൊല്ലി പശ്ചിമബംഗാളിൽ പ്രതിഷേധം കടുക്കുകയാണ്. മോദിക്കെതിരെ തന്നെ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. 'പൗരത്വം എടുത്ത് കളയാനല്ല, പൗരത്വം നൽകാനാണ് നിയമഭേദഗതി കൊണ്ടുവന്നത്' എന്ന് പറഞ്ഞ മോദി ഇതിനെതിരെ രാജ്യത്തെ യുവാക്കളെ പ്രതിപക്ഷം വഴി തിരിച്ചുവിടുകയാണെന്നും ആരോപിച്ചിരുന്നു.

പൗരത്വ നിയമഭേദഗതി വലിയ രാഷ്ട്രീയവിവാദമായ പശ്ചിമബംഗാളിൽ, സംസ്ഥാനത്തിന്‍റെ സാംസ്കാരികചിഹ്നമായി കണക്കാക്കപ്പെടുന്ന ബേലൂർ മഠത്തിൽ മോദിയെ ഈ സന്ദർശനവേളയിൽ തന്നെ വരാൻ അനുവദിക്കുകയും അതിന്‍റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്യാൻ അനുവദിക്കുകയും ചെയ്തത് തെറ്റായ രാഷ്ട്രീയസന്ദേശം നൽകുമെന്നാണ് ഇതിനെതിരായി നിലപാടെടുത്ത സന്യാസിമാർ വ്യക്തമാക്കുന്നത്.

'മഠത്തിന് രാഷ്ട്രീയമില്ല. രാഷ്ട്രീയവിവാദം കത്തി നിൽക്കുമ്പോൾ ഇങ്ങനെയൊരു സന്ദർശനത്തിലൂടെ മഠത്തെ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുകയാണ് എങ്കിൽ അത് അനുവദിക്കരുത്. രാഷ്ട്രീയമില്ലാത്ത ആദ്ധ്യാത്മികവേദിയായി രാമകൃഷ്ണാമിഷൻ നിലനിൽക്കണ'മെന്നും കത്തിൽ സന്യാസിമാർ ആവശ്യപ്പെടുന്നു. 

രാമകൃഷ്ണാ മിഷനിൽ സന്ദർശനം നടത്തിയ ശേഷം മോദി, മിഷനിലെ മുതിർന്ന അംഗമായിരുന്ന സ്വാമി ആത്മസ്ഥാനന്ദ തന്‍റെ ഗുരുവാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ ആത്മസ്ഥാനന്ദ ദീക്ഷ നൽകിയ സന്യാസിമാരിൽ ഒരാളായ ഗൗതം റോയ് ഇതിൽ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ''പശ്ചിമബംഗാളിൽ ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ഇടമാണ് രാമകൃഷ്ണാമിഷനും ബേലൂർ മഠവും. ഈ വേദിയെ വിവാദ രാഷ്ട്രീയപ്രസ്താവനകൾക്കോ രാഷ്ട്രീയ സന്ദേശങ്ങൾക്കോ ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല. ഇത് രാഷ്ട്രീയമില്ലാത്ത ഒരു വേദിയാണ്'', അദ്ദേഹം ദേശീയദിനപത്രമായ 'ദ ഹിന്ദു'വിനോട് പറഞ്ഞു.

''രാമകൃഷ്ണാമിഷനിൽ ഒരു സന്യാസിവര്യന്‍റെ ശിഷ്യത്വം സ്വീകരിക്കുന്നതിന് വലിയ ചിട്ടകളും രീതികളുമുണ്ട്. അത്തരം ഒരു രീതി അനുസരിച്ചും നരേന്ദ്രമോദി ഇവിടെ ആരോടും ശിഷ്യത്വം സ്വീകരിച്ചിട്ടില്ല. രണ്ട്, രാഷ്ട്രീയനേതാവായ മോദി തന്‍റെ ഗുരുവാണ് രാമകൃഷ്ണാശ്രമത്തിലെ ഒരു സന്യാസിവര്യൻ എന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. കഴിഞ്ഞ കുറച്ച് കാലമായി രാമകൃഷ്ണാമിഷനിലും രാഷ്ട്രീയവത്കരണം നടക്കുന്നുണ്ട്. ആർഎസ്എസ്സുമായി ബന്ധമുള്ളവരെയാണ് ഇവിടെ പല ഉയർന്ന സ്ഥാനങ്ങളിലേക്കും നിയമിക്കുന്നത്'', ഗൗതം റോയ് പറയുന്നു.

മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് രാമകൃഷ്ണാ മിഷനിലെ മുതിർന്ന ചില അംഗങ്ങൾ ഞായറാഴ്ച നടന്ന പ്രാർത്ഥനായോഗത്തിൽ നിന്ന് വിട്ടു നിന്നു എന്നാണ് സൂചന. ഇതിന് പിന്നാലെയാണ് വിശദമായി ഒരു കത്ത് രാമകൃഷ്ണാമിഷൻ മേധാവികൾക്ക് നൽകിയത്.

എന്നാൽ ഈ രാഷ്ട്രീയവിവാദങ്ങളെക്കുറിച്ച് ഇതുവരെ രാമകൃഷ്ണാമിഷൻ പ്രതികരിച്ചിട്ടില്ല. ഇത്തരം രാഷ്ട്രീയവിവാദങ്ങൾക്ക് മറുപടിയില്ലെന്ന് മിഷന്‍റെ ജനറൽ സെക്രട്ടറി സ്വാമി സുവിരാനന്ദ പറഞ്ഞു.

Follow Us:
Download App:
  • android
  • ios