ദില്ലി: പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് രാജ്യത്താകമാനം ഉയര്‍ന്നിട്ടുള്ളത്. ജാതിമത ഭേദമന്യേ കുട്ടികളും പ്രായമായവരും പ്രതിഷേധവുമായി തെരുവുകളിലുണ്ട്. പലര്‍ക്കും ജീവന്‍ നഷ്ടമായി. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും അലയടിക്കവെ ഗുജറാത്തിലും കശ്മീരിലും പാക്കിസ്ഥാനി വനിതകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ഖദീജ പർവീണ്‍, ഹസീന ബെന്‍ എന്നി പാക്കിസ്ഥാനി വനിതകള്‍ക്കാണ് ഇക്കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. കശ്മീരി സ്വദേശിയെയാണ് ഖദീജ പർവീണ്‍ വിവാഹം ചെയ്തത്. ഹസീന ബെന്നാകട്ടെ വിവാഹത്തിന് ശേഷം പാകിസ്ഥാൻ പൗരത്വം നേടി ഗുജറാത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇരുവര്‍ക്കും ജില്ലാ ഭരണകൂടമാണ് ഇന്ത്യൻ പൗരത്വം അനുവദിച്ചത്. '

ജമ്മുകശ്മീരിലെ പൂഞ്ച് സ്വദേശിയായ മുഹമ്മദ് താജ് ആണ് ഖദീജയെ വിവാഹം ചെയ്തത്. ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തിങ്കളാഴ്ചയാണ് പൂഞ്ച് ജില്ലാ വികസന കമ്മീഷണർ രാഹുൽ യാദവ് ഖദീജയ്ക്ക് കൈമാറിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഗുജറാത്തിലെ ബൻവാട് താലൂക്കിൽനിന്നുള്ള ഹസീന ബെൻ വിവാഹത്തിന് ശേഷം പാകിസ്ഥാൻ പൗരത്വം നേടി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. 1990ലായിരുന്നു പാക് സ്വദേശിയുമായുള്ള ഹസീനയുടെ വിവാഹം. പിന്നീട് ഭർത്താവിന്റെ മരണത്തോടെ ഹസീന ​ഗുജറാത്തിലേക്ക് മടങ്ങിവരുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഹസീന ബെൻ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചത്. ബുധനാഴ്ചയാണ് ദ്വാരക ജില്ലാ കളക്ടർ ഹസീന ബെന്നിന് ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയത്. ജില്ലാ കളട്കർ ഓഫീസിൽ നേരിട്ടെത്തിയാണ് ഖദീജ പർവീനും ഹസീന ബെന്നും പൗരത്വം അനുവദിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയത്.