Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കി: മൂന്ന് രാജ്യങ്ങളിലെ ആറ് മതങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം

വിവാദങ്ങള്‍ക്കും മാരത്തണ്‍ സംവാദങ്ങള്‍ക്കും ഒടുവില്‍ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കി. രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ ബില്‍ നിയമമായി മാറും. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ ഇതോടെ ഇന്ത്യക്കാരാവും. 

Citizenship Amendment bill passed by rajyasabha
Author
Delhi, First Published Dec 11, 2019, 8:45 PM IST

ദില്ലി: വിവാദങ്ങള്‍ക്കും മാരത്തണ്‍ സംവാദങ്ങള്‍ക്കും ഒടുവില്‍ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105-നെതിരെ 125-വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്.

ഏതെങ്കിലും പ്രത്യേക മതസ്ഥരോട് സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നില്ലെന്നും ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഇസ്ലാമിക രാഷ്ട്രങ്ങളായതിനാലും അവിടെയുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ കടുത്ത മനുഷ്യാവകാശധ്വംസനം നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിനാലാണ് ബില്‍ കൊണ്ടു വന്നതെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ അരക്ഷിതരായിരിക്കുമെന്ന വാദം വിശ്വസിക്കാനാവില്ലെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര അഭ്യന്ത്രമന്ത്രി അമിത് ഷാ വ്യക്തമാക്കി. 

പൗരത്വ നിയമ ഭേദഗതി ബില്‍സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടെടുപ്പിനിട്ട് സഭ തള്ളിയിരുന്നു.  44 ഭേദഗതി നിര്‍ദേശങ്ങളാണ് ബില്ലിന്‍മേല്‍ വന്നത്. എന്നാല്‍ ഇവയെല്ലാം രാജ്യസഭ വോട്ടിനിട്ട് തള്ളി. ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന രാജ്യസഭയില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായ കെകെ രാഗേഷ്, എളമരം കരീം, അബ്ദുള്‍ വഹാബ്, ബിനോയ് വിശ്വം, സോമപ്രസാദ് എന്നിവരെല്ലാം ഭേദഗതി നിര്‍ദേശം നല്‍കിയെങ്കിലും ഇവയെല്ലാം വോട്ടിനിട്ട് തള്ളി. 

മോദി രാജ്യം ഭരിക്കുക മാത്രമല്ല പലതും തിരുത്തുകയും ചെയ്യും: പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ അമിത് ഷാ.


 

Follow Us:
Download App:
  • android
  • ios