Asianet News MalayalamAsianet News Malayalam

സിഎഎ; ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ കിരണ്‍ ബേദിയും, പുതുച്ചേരി ഗവണ്‍മെന്‍റിന്‍റെ പ്രമേയത്തിനെതിരെ കത്ത്

ഫെബ്രുവരി 12 ന് നിയമസഭ സമ്മേളിക്കുമ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാനായിരുന്നു പുതുച്ചേരി സര്‍ക്കാരിന്‍റെ തീരുമാനം.

Citizenship Law Cant be Questioned or Deliberated in State Assembly  Kiran Bedi to Puducherry CM
Author
Pondicherry, First Published Feb 10, 2020, 7:13 PM IST

പുതുച്ചേരി: പൗരത്വ ഭേഗദതി നിയമത്തിനെതിരെ  പ്രമേയം പാസാക്കാനുള്ള നീക്കത്തിനെതിരെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിക്ക് കത്തെഴുതി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി. പൗരത്വ നിയമം സംസ്ഥാന നിയമസഭയിൽ ചോദ്യം ചെയ്യാനോ ചർച്ച ചെയ്യാനോ കഴിയില്ലന്ന് കിരണ്‍ ബേദിയുടെ കത്തില്‍ പറയുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരിന്‍റെ പൗരത്വ ഭേഗദതി നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഗവര്‍ണറുടെ എതിര്‍പ്പ് മറികടന്ന് കേരള നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി.

ആരിഫ് ഖാന് ശേഷം ഇത് ആദ്യമായാണ് ഒരു ഗവര്‍ണര്‍ പൗരത്വ ഭേഗദതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിനെ വിമര്‍ശിച്ച് രംഗത്ത് വരുന്നത്. ഫെബ്രുവരി 12 ന് നിയമസഭ സമ്മേളിക്കുമ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാനായിരുന്നു പുതുച്ചേരി സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ പാർലമെന്റിൽ പാസാക്കിയ സിഎഎയെ ചോദ്യം ചെയ്യാനോ ഒരു രീതിയിലും ചർച്ച ചെയ്യാനോ കഴിയില്ലെന്ന് കിരണ്‍ ബേദി നാരായണ സ്വാമിക്ക് അയച്ച കത്തില്‍ പറയുന്നു.

പൗരത്വ ഭേഗദതി നിയമത്തിനെതിരായ ചര്‍ച്ച ഭരണഘടനാ ലംഘനമാണെന്നും പാർലമെന്റിന്റെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഈ നീക്കത്തിനെതിരെ ആവശ്യമായ നടപടിയെടുക്കാൻ മൂന്ന് എം‌എൽ‌എമാർ തനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും കിരണ്‍ ബേദി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം ഇപ്പോള്‍ സുപ്രീംകോടതിയുടെ മുമ്പിലാണ്. അതുകൊണ്ട് പ്രമേയം പാസാക്കുന്നത് നിയമപരമല്ലെന്നും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios