മാറിവരുന്ന യുദ്ധസാഹചര്യങ്ങൾ നേരിടാൻ ഇന്ത്യൻ കരസേനയും സിവിൽ ഡിഫൻസും സംയുക്തമായി രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ പരിശീലനം നൽകുന്നു. ഡ്രോൺ ആക്രമണങ്ങൾ, വ്യോമാക്രമണ മുന്നറിയിപ്പുകൾ, സൈബർ സുരക്ഷ തുടങ്ങിയ ആധുനിക വെല്ലുവിളികൾ നേരിടാൻ സിവിൽ ഡിഫൻസ് വളണ്ടിയർമാരെ സജ്ജമാക്കുകയാണ് ലക്ഷ്യം.

ദില്ലി: ലോകമെമ്പാടും യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും സ്വഭാവം മാറിവരുന്ന സാഹചര്യത്തിൽ സൈന്യവും സിവിൽ സംവിധാനങ്ങളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വർധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ കരസേനയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ സർവീസസ്, സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്‌സും ചേർന്ന് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചു. ‘ട്രെയിനിങ് ഓഫ് സിവിൽ ഡിഫൻസ് മാസ്റ്റർ ട്രെയിനേഴ്‌സ്’ എന്ന മാതൃകയിലാണ് പരിശീലനം. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ദില്ലി, മേഘാലയ, സിക്കിം, അസം, ഉത്തർപ്രദേശ്, കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ വിവിധ ഘട്ടങ്ങളിലായി പരിശീലനം നടക്കും.

ഇതിന്റെ ഭാഗമായി ഇന്ത്യൻ കരസേനയുടെ ദില്ലി ഏരിയ ആസ്ഥാനവും DG FSCDHG-യും സംയുക്തമായി ആദ്യത്തെ മൂന്ന് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു. ‘ട്രെയിൻ വിത്ത് യുവർ ആർമി ക്യാമ്പ്’ എന്ന പദ്ധതിയുടെ ഭാഗമായി 50 സിവിൽ ഡിഫൻസ് മാസ്റ്റർ ട്രെയിനർമാർ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സിവിൽ ഡിഫൻസ് സംവിധാനത്തിന്റെ തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തുകയും വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൂടുതൽ പരിശീലനം നൽകാൻ കഴിയുന്ന വിദഗ്ധ പരിശീലകരെ സജ്ജമാക്കുകയുമാണ് ലക്ഷ്യം. പരിപാടിയിൽ സംസാരിച്ച ദില്ലി ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് ലെഫ്റ്റനന്റ് ജനറൽ രാജേഷ് സേഥി, അടിയന്തര സാഹചര്യങ്ങളിലും പുതിയ സുരക്ഷാ വെല്ലുവിളികളിലും ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്ന പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് ശൃംഖലയുടെ പ്രാധാന്യം വ്യക്തമാക്കി.

ഡ്രോണുകളെയും ഡ്രോൺ വിരുദ്ധ സംവിധാനങ്ങളെയും കുറിച്ചുള്ള അവബോധം, വ്യോമാക്രമണ മുന്നറിയിപ്പുകൾ നേരിടാനുള്ള തയ്യാറെടുപ്പ്, നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം, അഗ്നിസുരക്ഷ, രാസ-ജൈവ-റേഡിയോളജിക്കൽ-ആണവ ഭീഷണികളെക്കുറിച്ചുള്ള അറിവ്, അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര ചികിത്സ നൽകൽ, തിരച്ചിലും രക്ഷാപ്രവർത്തനവും, അടിയന്തര ആശയവിനിമയം, സൈബർ സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. രാജ്യത്തിന്റെ സുരക്ഷയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ശേഷിയും ശക്തിപ്പെടുത്തുന്നതിന് സർക്കാർ സംവിധാനങ്ങളും സൈന്യവും പൊതുജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ പരിശീലന പരിപാടി വ്യക്തമാക്കുന്നത്. നേരത്തെ ഓപ്പറേഷൻ സിന്ദൂർ സാഹചര്യത്തിലും സമാനമായ പരിശീലനം അതിർത്തിസംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് നൽകിയിരുന്നു.