Asianet News MalayalamAsianet News Malayalam

ജസ്റ്റിസ് എൻ വി രമണക്കെതിരായ ആരോപണം; പരാതി സത്യവാങ്മൂലമായി സമര്‍പ്പിക്കാൻ ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം

ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ സ്ഥലംമാറ്റത്തിന് പിന്നാലെ  കൊളീജിയത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ചീഫ് ജസ്റ്റിസിന്‍റെ ഇടപെടൽ എന്നാണ് സൂചന.

cji directed that the complaint against justice n v ramana be filed as an affidavit
Author
Andhra Pradesh, First Published Jan 1, 2021, 2:48 PM IST

ബം​ഗളൂരു: സുപ്രീംകോടതി ജസ്റ്റിസ് എൻ വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഢി ഉന്നയിച്ച ആരോപണങ്ങൾ സത്യവാങ്മൂലമായി നൽകാൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ സ്ഥലംമാറ്റത്തിന് പിന്നാലെ  കൊളീജിയത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ചീഫ് ജസ്റ്റിസിന്‍റെ ഇടപെടൽ എന്നാണ് സൂചന.

നാലുമാസത്തിന് ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷിക്കുന്ന ജസ്റ്റിസ് എൻ വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഢി അയച്ച കത്താണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ പരിശോധിക്കുന്നത്. ജസ്റ്റിസ് രമണ ആന്ധ്ര ഹൈക്കോടതിയിൽ സ്വാധീനം ചെലുത്തി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങൾ തടസ്സപ്പെടുത്തുന്നു എന്നതായിരുന്നു  ജഗൻമോഹൻ റെഢി ഉയര്‍ത്തിയ പ്രധാന ആരോപണം. ജസ്റ്റിസ് എൻ വി രമണയുടെ കുടുംബാംഗങ്ങൾക്കെതിരെ അഴിമതി ആരോപണവും ഉന്നയിച്ചിരുന്നു. 

പരാതി സത്യവാങ്മൂലമായി നൽകാൻ ആവശ്യപ്പെട്ടതോടെ ഒരു കേസായി തന്നെ ഇത് ചീഫ് ജസ്റ്റിസ് പരിഗണിക്കാനുള്ള സാധ്യതയും ഉണ്ട്. ആരോപണത്തെ കുറിച്ച് ജസ്റ്റിസ് എൻ വി രമണയുടെ മറുപടിയും ചീഫ് ജസ്റ്റിസ് തേടിയിട്ടുണ്ട്. ജസ്റ്റിസ് രമണയുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് ജഗൻമോഹൻ റെഢി ആരോപിച്ച ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരിയെ കഴിഞ്ഞ ദിവസം  സ്ഥലംമാറ്റിയിരുന്നു. കൊളീജിയം തീരുമാനങ്ങൾ  സുതാര്യമാകണമെന്ന്  ആന്ധ്ര ഹൈക്കോടതിയിലെ ജസ്റ്റിസ് രാകേഷ് കുമാര്‍  തൊട്ടുപിന്നാലെ ഇറക്കിയ ഒരു ഉത്തരവിൽ പരാമര്‍ശം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജഗൻമോഹൻ റെഢിയുടെ പരാതി ചീഫ് ജസ്റ്റിസ് ഗൗരവമായി എടുക്കുന്നു എന്ന റിപ്പോര്‍ട്ടുകൾ വരുന്നത്. അടുത്ത ചീഫ് ജസ്റ്റിസ് നിയമനത്തിനുള്ള നടപടികൾ തുടങ്ങാനിരിക്കെയാണ് ഇത് എന്നത് ശ്രദ്ധേയമാണ്.

Follow Us:
Download App:
  • android
  • ios