ദില്ലി: അയോധ്യകേസിലെ നിര്‍ണായക വിധിക്ക് ശേഷം സഹജഡ്ജിമാര്‍ക്ക് ഡിന്നര്‍ ഒരുക്കി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. അയോധ്യ കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചില്‍ തനിക്കൊപ്പമുണ്ടായിരുന്ന നാല് ജഡ്‍ജിമാരേയാണ് ഗൊഗോയി ഇന്ന് രാത്രി ഭക്ഷണത്തിന് ക്ഷണിച്ചിരിക്കുന്നത്.

 ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജിലാണ് സുപ്രീംകോടതി ജഡ്‍ജിമാരുടെ രാത്രി ഭക്ഷണമെന്നാണ് സൂചന. നവംബര്‍ 17-ന് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന മുറയ്ക്ക് ചീഫ് ജസ്റ്റിസാവേണ്ട എസ്.എ.ബോംബഡെ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നത്. 

അയോധ്യകേസിലെ വിധി തയ്യാറാക്കുക എന്ന ഭാരിച്ച ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് സഹജഡ്‍ജിമാര്‍ക്ക് വിരുന്നൊരുക്കുന്നത്. അവധി ദിനമായിട്ടും ഭരണഘടനാ ബെഞ്ച് പ്രത്യേകം ചേര്‍ന്നാണ് ഇന്ന് കേസില്‍ വിധി പറ‌ഞ്ഞത്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമടക്കം ആയിരകണക്കിനാളുകളാണ് വിധി പ്രസ്‍താവം കേള്‍ക്കാനായി ഇന്ന് കോടതിമുറിയില്‍ ഒത്തുകൂടിയത്.