ദില്ലി: സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂന്ന് കത്തുകളാണ് ചീഫ് ജസ്റ്റിസ് അയച്ചത്. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 ആക്കണമെന്നും ചീഫ് ജസ്റ്റിസ് കത്തില്‍ ആവശ്യപ്പെട്ടു.

കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറക്കാന്‍ വിരമിച്ച ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരെ ഭരണഘടന ആര്‍ട്ടിക്കിള്‍ 128, 224 എ പ്രകാരം നിയമിക്കണണം. സുപ്രീം കോടതിയില്‍ 58,669 കേസുകളാണ് കെട്ടിക്കിടക്കുന്നത്. പുതിയ കേസുകളെത്തുമ്പോള്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് കത്തില്‍ പറഞ്ഞു.

1988ല്‍ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 18ല്‍നിന്ന് 26 ആക്കി. പിന്നീട് 2009ലാണ് 31 ആക്കി വര്‍ധിപ്പിച്ചത്. കേസുകളുടെ തീര്‍പ്പുകള്‍ വേഗത്തിലാക്കാന്‍ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അപേക്ഷ പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 62ല്‍നിന്ന് 65 ആക്കാന്‍ ഭരണഘടന ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിരമിക്കല്‍ പ്രായം കൂട്ടുന്നതിലൂടെ പരിചയ സമ്പന്നരായ ജഡ്ജിമാരുടെ സേവനം രാജ്യത്തിന് ലഭിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.