തമിഴ്നാട്ടിൽ മന്ത്രിയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ പേരിലുള്ള വാഹനമാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയപാതയിൽ കാട്ടാൻകുളത്തൂരിൽ ഉണ്ടായ അപകടത്തിൽ 28കാരനായ ഇരയിൻപ് ആണ് മരിച്ചത്. മന്ത്രിയുടെ ബന്ധുക്കൾ യാത്ര ചെയ്ത കാറാണ് അപകടത്തിൽപെട്ടത്. വാഹനം മന്ത്രിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിയമസഭാ സമ്മേളനത്തിനായി ചെന്നൈയിലേക്ക് വരികയായിരുന്ന മന്ത്രി, തൊട്ടുമുന്നിലുള്ള കാറിലാണ് യാത്ര ചെയ്തിരുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കാർ ഡ്രൈവർ മധുരെ സ്വദേശി ചിന്ന അഗ്നിയെ പൊലീസ് അറസ്റ്റുചെയ്തു. അപകടത്തിൽപെട്ട കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മോശം പെരുമാറ്റത്തിന് വിവാദത്തിലായ ജഗദീശ്വരിയെ വിജയ് മന്ത്രിസഭയിൽനിന്ന് നീക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.


