അസമിൽ അശുതോഷ് റാങ്ക ഉൾപ്പെടെയുള്ള സിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് പാർട്ടി നിരാഹാര സമരം ആരംഭിച്ചു. നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ താനും അസമിലെത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ മുന്നറിയിപ്പ് നൽകി

ഗുവാഹത്തി: അസമിൽ അശുതോഷ് റാങ്കയടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് സി ജെ പി നിരാഹാര സമരം തുടങ്ങി. ഗുവാഹത്തിയിൽ നടത്താനിരുന്ന കോക്ക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പ്രാദേശിക വോളന്റിയർ മീറ്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അശുതോഷ് റാങ്കയെയും ഒപ്പമുണ്ടായിരുന്ന നേതാക്കളെയും ആസാം പോലീസ് കസ്റ്റഡിയിലെടുത്തത്. അശുതോഷ് ഉൾപ്പെടെയുള്ള സംഘത്തെ ഉടൻ വിട്ടയക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. തങ്ങളെ നിശബ്ദരാക്കാൻ കഴിയില്ലെന്നും പോരാട്ടം തുടർന്നുതന്നെ മുന്നോട്ടുകൊണ്ടുപോകുമെന്നും സി ജെ പി വാർത്താക്കുറുപ്പിൽ വ്യക്തമാക്കി.

ദീപ്കെയുടെ മുന്നറിയിപ്പ്

പരിപാടി തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയായിരുന്നു പോലീസിന്റെ നാടകീയ നീക്കം. സർക്കാറിന് സി ജെ പിയെ പേടിയാണെന്നും തങ്ങൾ പോലീസ് കസ്റ്റഡിയിലാണെന്നും വ്യക്തമാക്കുന്ന അശുതോഷിന്റെ വീഡിയോ സന്ദേശം എക്സിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇതിനുപുറമേ, പരിപാടി നടക്കേണ്ടിയിരുന്ന മൈതാനത്ത് ബാരിക്കേഡുകൾ വെച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തിയ പോലീസ്, വേദിക്കുള്ളിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ ബലമായി പുറത്താക്കുകയും ചെയ്തു. എന്നാൽ കസ്റ്റഡിയിലെടുത്ത നേതാക്കളെ എവിടേക്കാണ് മാറ്റിയതെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് സി ജെ പി സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു. ഉടൻ വിട്ടയച്ചില്ലെങ്കിൽ താനും മറ്റു നേതാക്കളും ആസാമിലേക്ക് പോകുമെന്നും എല്ലാവരെയും അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും ദീപ്കെ എക്സിലൂടെ മുന്നറിയിപ്പ് നൽകി.

രൂക്ഷ വിമർശനം

സംഭവത്തിൽ ആസാം സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയടക്കമുള്ളവർ അസം സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നേതാക്കളെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അത്തരം പാറ്റകളെ 'ഹിറ്റ്' ഉപയോഗിച്ച് ഇല്ലാതാക്കണം എന്നായിരുന്നു ബംഗാൾ മന്ത്രി അർജുൻ സിങിന്റെ വിവാദപരമായ പ്രതികരണം. വിഷയത്തിൽ വലിയ വിമർശനവും പ്രതിഷേധവും ശക്തമാക്കാനാണ് സി ജെ പിയുടെ തീരുമാനം.

YouTube video player