ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റർ ചെയ്തില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുന്ന നിയമ ഭേദഗതി ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

ദില്ലി : സമയ ബന്ധിതമായി ജനനവും മരണവും രജിസ്ററര്‍ ചെയ്തില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുന്ന നിയമ ഭേദഗതി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ വൈകിയാല്‍ പിഴയും, ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ അനുമതിയുമടക്കം വ്യവസ്ഥകളാണ് നിര്‍ദ്ദേശിക്കുന്നത്. പാര്‍ലമെന്‍റ് പാസാക്കിയ ബില്ലില്‍ കഴിഞ്ഞ മാസമാണ് രാഷ്ട്രപതി ഒപ്പ് വച്ചത്.

ജനനവും മരണവും കൃത്യ സമയത്ത് രജിസ്റ്റര്‍ ചെയ്യേണ്ടതും പൗരന്‍റെ കടമയാണെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പുതിയ നിയമഭേദഗതി നിലവില്‍ വരുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നാണ് രജിസ്ട്രര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്‍ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. 21 ദിവസത്തിനുള്ളില്‍ ഫീസോ പിഴയോ കൂടാതെ രജിസ്റ്റര്‍ ചെയ്യാം. 21 മുതല്‍ 30 ദിവസം വരെ നിശ്ചിത ഫീസ് രജിസ്ട്രാര്‍ക്ക് അടച്ച് രജിസ്റ്റര്‍ ചെയ്യും. തുടര്‍ന്നങ്ങോട്‍ട് വൈകിയാലാണ് നടപടികള്‍ കടുക്കുന്നത്. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ വൈകിയാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അധികാരിയുടെയോ, ജില്ലാ രജിസ്ട്റാറുടേയോ അനുമതി വേണം. അവര്‍ നിശ്ചയിക്കുന്ന പിഴയും അടയ്ക്കണം.ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ വൈകിയാല്‍ ജില്ലാ മജിസ്ട്രേറ്റിന്റെയോ , സബ് ഡിവിഷണല്‍ മജിസ്രേറ്റിന്‍റെയോ അനുമതിയിലേക്ക് കാര്യങ്ങള്‍ നീങ്ങും.

രണ്ട് വര്‍ഷത്തിന് ശേഷമാണെങ്കില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ അനുമതി പത്രം നിര്‍ബന്ധമായിരിക്കും. ഒരു വര്‍ഷത്തിന് ശേഷമുള്ള ഘട്ടങ്ങളിലും പിഴത്തുക ഉണ്ടാകും. സ്കൂള്‍ പ്രവേശനം മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതടക്കം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പ്രായവും ജനന സ്ഥലവും തെളിയിക്കാനുള്ള ഔദ്യോഗിക രേഖയായി ജനന സര്‍ട്ടിഫിക്കേറ്റിന്‍റെ പ്രാധാന്യം വര്‍ധിക്കും. സര്‍ട്ടിഫിക്കേറ്റുകള്‍ ഡിജിറ്റലാക്കാനും തീരുമാനിച്ചിട്ടുണ്ട്. വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയ നിയമഭേദഗതിയില്‍ തൊട്ടു പിന്നാലെ രാഷ്ട്രപതി ഒപ്പ് വയ്ക്കുകയും ചെയ്തു.