നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള പ്രതിഷേധങ്ങൾക്ക് ശേഷം 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) തങ്ങളുടെ പ്രവർത്തനം രാജ്യവ്യാപകമാക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകുന്നതിനായി ഫണ്ട് പ്രഖ്യാപിച്ച പ്രസ്ഥാനം, നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയായി മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി.
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഒരു മാസം നീണ്ടുനിന്ന ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന്, തങ്ങളുടെ പ്രവർത്തനം രാജ്യവ്യാപകമായി വികസിപ്പിക്കാനൊരുങ്ങി 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി). വിദ്യാഭ്യാസ സമ്പ്രദായത്തിലെ കടുത്ത പ്രതിസന്ധികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനായി വരും മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പാർട്ടി കോർ കമ്മിറ്റി തീരുമാനിച്ചു. ആവശ്യമെങ്കിൽ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്കായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും, എന്നാൽ നിലവിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടിയായി മാറാൻ പദ്ധതിയില്ലെന്നും സിജെപി വക്താവ് അശുതോഷ് റങ്ക വ്യക്തമാക്കി.
നിയമസഹായവും തെളിവ് ശേഖരണവും
അറസ്റ്റിലായ പ്രതിഷേധക്കാർക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കുന്നതിനായി 1 കോടി രൂപയുടെ ലീഗൽ എയ്ഡ് നെറ്റ്‌വർക്ക് ഫണ്ട് സിജെപി പ്രഖ്യാപിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 20-ന് നടന്ന 'സൻസദ് ചലോ' മാർച്ചിനിടെയുണ്ടായ അക്രമ സംഭവങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിനായി സാക്ഷി എന്ന പേരിൽ പ്രത്യേക ഓൺലൈൻ പ്ലാറ്റ്‌ഫോവും ആരംഭിച്ചു. ഈ വർഷം മേയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായ അഭിജിത് ദിപ്കെയാണ് ഇൻസ്റ്റാഗ്രാമിലൂടെ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന ആശയത്തിന് തുടക്കമിട്ടത്.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 2 കോടിയിലധികം ഫോളോവേഴ്സിനെ നേടി ഈ സോഷ്യൽ മീഡിയ ക്യാമ്പയിൻ വലിയ തരംഗമായി മാറി. ഐഐടി കാൺപൂർ ബിരുദധാരിയായ അശുതോഷ് റങ്ക, അന്വേഷണാത്മക പത്രപ്രവർത്തകനായ സൗരവ് ദാസ്, അഭിഭാഷകയായ രത്ന സിംഗ് എന്നിവരാണ് വക്താക്കൾ. വൈഷ്ണവി ഗൗർ, ആഫ്രീൻ നവാസ് എന്നിവരടക്കം 12 അംഗങ്ങളുള്ള കോർ ടീമാണ് പ്രസ്ഥാനത്തെ നയിക്കുന്നത്.


