സിജെപി ആഹ്വാനം ചെയ്ത തിരംഗ മാർച്ചിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. കൊണാട്ട് പ്ലേസിൽ 11 നേതാക്കൾക്ക് മാത്രം പ്രതിഷേധിക്കാൻ പൊലീസ് അനുമതി നൽകി. പൊതുജനങ്ങളോട് പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ദില്ലി: ദില്ലിയിൽ സിജെപി ആഹ്വാനം നൽകിയ തിരംഗ മാർച്ചിൻ്റെ സാഹചര്യത്തിൽ സാഹചര്യം വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥർ. 24 മണിക്കൂർ നിരീക്ഷണത്തിന് പ്രത്യേക സംഘത്തെയാണ് ദില്ലി പൊലീസ് തയ്യാറാക്കുന്നത്. ദില്ലി അതിർത്തികളിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. അർദ്ധ സൈനിക വിഭാഗം ഉൾപ്പെടെ 20,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളിൽ നിയോഗിക്കും. അതേസമയം, കൊണാട്ട് പ്ലേസിൽ പൊലീസ് സുരക്ഷ കൂട്ടി. സിജെപി പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്.
തിരംഗ യാത്ര നിയമവിരുദ്ധമായ ഒത്തുചേരലല്ലെന്ന് ദില്ലി ഡിസിപിയും പിആർഒയുമായ നേഹ യാദവ് പ്രതികരിച്ചു. ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരം കൊണാട്ട് പ്ലേസും അനുബന്ധപ്രദേശങ്ങളിലും ന്യായമായ ഒത്തുചേരൽ അനുവദിക്കാൻ ആകില്ലെന്നും ഡിസിപി പ്രതികരിച്ചു. അതേസമയം, പ്രതിഷേധക്കാർക്കെതിരെയുള്ള ദില്ലി പൊലീസ് നടപടികൾക്ക് എതിരായ ഹർജി ഇനി നവംബർ മൂന്നിന് മാത്രമായിരിക്കും പരിഗണിക്കുക. ജന്തർ മന്തർ സമരവേദി അല്ലാതാക്കിയ ഉത്തരവിനെതിരായ ഹർജികളും നവംബർ മൂന്നിന് മാത്രമായിരിക്കും. ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി അടക്കം നൽകിയ ഹർജികൾ 27ന് പരിഗണിക്കും. രാഹുൽ ഗാന്ധിക്ക് എതിരായി കോടതി വളപ്പിലെ ബഹളത്തിന് നൽകിയ ഹർജികളും ഇനി നവംബർ മൂന്നിനായിരിക്കും പരിഗണിക്കുക.
സിജെപി പ്രതിഷേധത്തിന് 11 പേരെ അനുവദിക്കാമെന്നാണ് ദില്ലി പൊലീസ് അറിയിച്ചത്. 11 നേതാക്കളുടെ പേര് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊണാട്ട്പ്ലേസിൽ പ്രത്യേക സ്ഥലത്ത് പതാകയുമായി കുറച്ചുനേരം പ്രതിഷേധിക്കാൻ അനുവാദം നൽകും. സെൻട്രൽ പാർക്കിന് ചുറ്റും 6000 പൊലീസുകാരെ വിന്യസിക്കും. പൊതുജനങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കുചേരരുതെന്നും ദില്ലി പൊലീസ് ആവശ്യപ്പെട്ടു. പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ നിന്ന് സിജെപിയെ തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് കുറച്ചു പേരെ പ്രതിഷേധിക്കാൻ അനുവദിക്കുമെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.
ഒക്ടോബർ 16-ന് വൈകുന്നേരം 5 മണിക്ക് ത്രിവർണ്ണ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരാനാണ് അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തത്- "ഞങ്ങൾ 100 സ്ഥലങ്ങളിൽ തിരംഗ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചാൽ, നരേന്ദ്ര മോദി ഈ 100 സ്ഥലങ്ങളും അടച്ചിടുമോ?" എന്നാണ് ദിപ്കെയുടെ ചോദ്യം.



