ആശുപത്രിയില്‍ പ്രവേശിപ്പിച്ച എല്ലാവരും അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

ആഗ്ര: വിവാഹ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആറ് പേര്‍ ആശുപത്രിയില്‍. വിവാഹ സല്‍കാരത്തില്‍ വിളമ്പിയ രസഗുള തീര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വാക്കേറ്റത്തിലും അടിപിടിയിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

ശംസാബാദ് പ്രദേശത്ത് നടന്ന ഒരു വിവാഹ സത്കാര ചടങ്ങില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തര്‍ക്കവും അടിപിടിയും അരങ്ങേറിയതെന്ന് ശംസാബാദ് പൊലീസ് സ്റ്റേഷിലെ എസ്.എച്ച്.ഒ അനില്‍ ശര്‍മ പറഞ്ഞു. പരിക്കുകളോടെ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ എല്ലാവരും നിലവില്‍ അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബ്രിജ്ഭന്‍ ഖുഷ്വാഹ എന്നയാളുടെ വസതിയിലാണ് ഞായറാഴ്ച വിവാഹ ആഘോഷങ്ങള്‍ നടന്നത്. ഇവിടെ രസഗുള തീര്‍ന്നുപോയതിനെ കുറിച്ച് ഒരാള്‍ പറഞ്ഞ കമന്റ് മറ്റു ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്നാണ് കാര്യങ്ങള്‍ അടിപിടിയില്‍ എത്തിയത്. ഭഗവാന്‍ ദേവി, യോഗേഷ്, മനോജ്, കൈലാഷ്, ധര്‍മേന്ദ്ര, പവന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ മറ്റൊരിടത്ത് വിവാഹ വേദിയില്‍ മധുരപലഹാരം തീര്‍ന്നുപോയതിനെച്ചൊല്ലി ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു.

കരിപ്പൂര്‍ അടക്കം രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രം
ദില്ലി: കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. 2025നുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചു. കരിപ്പൂരിലെ കോഴിക്കോട് രാജ്യാന്തര വിമാനത്താവളവും ഈ പട്ടികയിലുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയക്ക് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിന്‍റെ ഭാഗമായാണ് ഈ നടപടി.

നേരത്തെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, മംഗളൂരു രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെയുള്ളവ സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കുകയാണെന്ന് കേന്ദ്രം അറിയിക്കുന്നത്. 2018 മുതല്‍ ഇതുവരെ ആറ് വിമാനത്താവളങ്ങളാണ് സ്വകാര്യവത്ക്കരിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പാര്‍ലമെന്‍റില്‍ അറിയിച്ചു. മികച്ച പ്രവർത്തനത്തിനും നിക്ഷേപം ലക്ഷ്യമിട്ടുമാണ് സ്വകാര്യവത്കരണമെന്ന് വ്യോമയാന മന്ത്രാലയം പാര്‍ലമെൻറില്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...