അജ്മീര്‍ (രാജസ്ഥാന്‍): ലോക്ക് ഡൌണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കിയ ശേഷം അവര്‍ക്കൊപ്പമുള്ള സെല്‍ഫി എടുക്കുന്നത് നിരോധിച്ച് അജ്മീര്‍ കലക്ടര്‍. എന്‍ജിഒകളും മറ്റ് സംഘടനകള്‍ അടക്കമുള്ളവര്‍ക്കും നിരോധനം ബാധകമാണ്. രാജ്യവ്യാപകമായി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധിയാളുകള്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തീരുമാനം. 

സാമൂഹ്യ അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം ഇത്തരം സെല്‍ഫികള്‍ പാലിക്കുന്നില്ല. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയം 188 അനുസരിച്ച് കേസെടുക്കുമെന്നും അജ്മീര്‍ കലക്ചര്‍ വ്യക്തമാക്കി. രാജസ്ഥാനിലെ അജ്മീറിലാണ് വിലക്ക് ബാധകമാവുക. 463 കൊവിഡ് 19 കേസുകളാണ് ഇതിനോടകം രാജസ്ഥാനില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.  ഭക്ഷണം നല്‍കുന്നതിനൊപ്പം സെല്‍ഫിയെടുക്കരുതെന്ന കലക്ടറുടെ ഉത്തരവിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. 

ലോക്ക്ഡൌണില്‍ വിശന്നിരിക്കുന്നവരുടെ മാനസികാവസ്ഥ കൂടി കണക്കിലെടുത്താണ് കലക്ടറുടെ തീരുമാനമെന്നാണ് ഉത്തരവിനേക്കുറിച്ച് നിരവധിയാളുകള്‍ പ്രതികരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മടമെടുത്ത് ആഘോഷമാക്കുന്നവര്‍ക്ക് ഈ തീരുമാനം ഒരു പാഠമാകുമെന്നാണ് നിരവധിയാളുകള്‍ പ്രതികരിക്കുന്നത്.