അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരാന്‍ കാരണമായിരുന്നു.
ദില്ലി: വിദേശത്തേക്ക് സ്വകാര്യ സന്ദര്‍ശനത്തിന് പോയ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് (Rahul Gandhi) രൂക്ഷ വിമര്‍ശനവുമായി ബിജെപി(BJP). വാക്‌സീനേഷനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെ രാഹുല്‍ നടത്തിയ വിമര്‍ശനത്തിന് മറുപടിയായാണ് ബിജെപി വക്താവ് സഞ്ജു വെര്‍മ (Sanju Verma) രംഗത്തെത്തിയത്. വിദേശത്തെ കടല്‍ തീരത്തിരുന്ന് ട്വീറ്റ് ചെയ്യുന്ന കോമാളിയാണ് രാഹുല്‍ ഗാന്ധിയെന്ന് അവര്‍ വിമര്‍ശിച്ചു. എവിടെയാണ് രാഹുല്‍ ഗാന്ധി. സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ലാതെ ഈ കൊവിഡ് കാലത്ത് ഇറ്റലിയില്‍ അദ്ദേഹം എന്ത് ചെയ്യുകയാണ്. വയനാടിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം വാക്‌സിനെടുത്തിട്ടില്ലേ. വിദേശ തീരങ്ങളിലിരുന്നു വിഡ്ഢിത്തം ട്വീറ്റ് ചെയ്യുകയല്ലാതെ അദ്ദേഹത്തിന്റെ ഹോബി എന്താണെന്ന് ഒരു ധാരണയുമില്ലെന്നും സഞ്ജു വെര്‍മ പറഞ്ഞു.
മോദി സര്‍ക്കാറിന്റെ വാക്‌സീന്‍ വാഗ്ദാനം നടപ്പായില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. 2021 അവസാനത്തോടുകൂടി അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇപ്പോഴും രണ്ട് ഡോസ് വാക്‌സീന്‍ ലഭിക്കാത്തവര്‍ നിരവധിപ്പേരുണ്ടെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരാന്‍ കാരണമായിരുന്നു. രാഹുല്‍ ഗാന്ധി സ്വകാര്യ ആവശ്യത്തിനായി വിദേശത്തേക്ക് പോയെന്ന് കോണ്‍ഗ്രസാണ് അറിയിച്ചത്.
