തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച ശശി തരൂര്‍ എംപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒളിയമ്പ്. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുമ്പോഴും  പ്രതിപക്ഷത്തുള്ളവ‍ർ ഭരണപക്ഷത്തുള്ളവരെ പുകഴ്ത്തുകയാണ്.  ഇവരുടെ പ്രസ്താവനകൾ അക്രമകാരികൾക്ക് വീരപരിവേഷം നൽകുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്ന ശൈലി ഗുണം ചെയ്യില്ലെന്ന, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശിന്‍റെയും മനു അഭിഷേക് സിംഗ്‍വിയുടെയും അഭിപ്രായത്തെ പിന്താങ്ങി തരൂര്‍ ട്വീറ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു,  കഴിഞ്ഞ ആറ് വര്‍ഷമായി താന്‍ ഇക്കാര്യം പറയുകയാണ്. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള  വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂ എന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്.