ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, കർണാടക ആരോഗ്യമന്ത്രി കെ സുധാകർ, താരങ്ങളായ ചിരഞ്ജീവി, അല്ലു അർജുൻ അടക്കം നിരവധിപ്പേർ താരകരത്നയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി
ഹൈദരാബാദ്: തെലുങ്കു നടൻ നന്ദമുരി താരകരത്നയ്ക്ക് ആദരമർപ്പിച്ച് സിനിമാലോകം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, കർണാടക ആരോഗ്യമന്ത്രി കെ സുധാകർ, താരങ്ങളായ ചിരഞ്ജീവി, അല്ലു അർജുൻ അടക്കം നിരവധിപ്പേർ താരകരത്നയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. ഹൈദരാബാദിലെ മോകിലയിലുള്ള വസതിയിൽ പുലർച്ചെയോടെ അദ്ദേഹത്തിന്‍റെ മൃതദേഹം എത്തിച്ചു. അവിടെ നിന്ന് ഏഴ് മണിയോടെ ഫിലിം ചേംബറിലേക്ക് മൃതദേഹം കൊണ്ടുവന്നു. വൈകിട്ട് നാല് മണി വരെ പൊതുദർശനമുണ്ടാകും. 5 മണിയോടെ വിലാപയാത്രയായി ഹൈദരാബാദിലെ വൈകുണ്ഠ മഹാപ്രസ്ഥാനം ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. ആറരയോടെയാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. ടിഡിപി ജനറൽ സെക്രട്ടറി നാരാ ലോകേഷിന്‍റെ പദയാത്രയ്ക്കിടെ ജനുവരി 27-ന് കുഴഞ്ഞു വീണ താരകരത്നയെ ബെംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വീണ്ടും ഹൃദയാഘാതമുണ്ടായതിനെത്തുടർന്നാണ് മരണം സംഭവിച്ചത്.
