ആശുപത്രിയിൽ റെസിഡന്‍റ് ഡോക്ടർമാരുടെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആണ് മൂർഖനെ കണ്ടത്. ക്ലോസറ്റിനുള്ളിൽ പത്തിവിരിച്ച് കണ്ട പാമ്പിനെ ഡോക്ടർ വെള്ളം ചീറ്റിച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ജയ്പൂർ: റെസിഡന്‍റ് ഡോക്ടർമാർക്കായുള്ള ഹോസ്റ്റലിലെ ശുചിമുറിയിൽ കയറിയ വിഷപ്പാമ്പ് പരിഭ്രാന്തിക്കിടയാക്കി. ടോയ്‍ലറ്റ് ക്ലോസറ്റിൽ കണ്ട മൂർഖനെ ഓടിക്കാൻ ഡോക്ടർമാർ പൈപ്പ് ഉപയോഗിച്ച് വെള്ളം ചീറ്റിക്കുന്ന ദൃശ്യം പുറത്തുവന്നു. എന്നിട്ടൊന്നും പുറത്തേക്ക് പോവാതിരുന്ന പാമ്പിനെ ഒടുവിൽ പാമ്പുപിടുത്തക്കാരൻ വന്നാണ് ചാക്കിലാക്കിയത്.
സംഭവമിങ്ങനെ...
രാജസ്ഥാനിലെ കോട്ടയിലെ ജെ കെ ലോൺ ആശുപത്രിയുടെ പരിസരത്തുള്ള പിജി ഹോസ്റ്റലിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പുലർച്ചെ ടോയ്‌ലറ്റിൽ പോയപ്പോൾ റെസിഡന്റ് ഡോക്ടറായ മുദിത് ശർമ്മ പാമ്പിനെ കണ്ടത്. ഹോസ്റ്റൽ റൂമിലെ ടോയ്‍ലറ്റിൽ ക്ലോസറ്റിനുള്ളിലാണ് പാമ്പിനെ കണ്ടത്. പാമ്പ് പത്തി വിടർത്തിയ നിലയിലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.
തുടർന്ന് പരിഭ്രാന്തരായനായ ഡോക്ടർ മറ്റ് ഡോക്ടർമാരെ വിളിച്ചു. അവർ ടോയ്‍ലറ്റിലെ ജെറ്റ് സ്പ്രേ ഉപയോഗിച്ച് പാമ്പിന് നേരെ വെള്ളം ചീറ്റിച്ചു. ഇതോടെ മൂർഖൻ ക്ലോസറ്റിൽ നിന്നും ഇഴഞ്ഞ് ടോയ്‍ലറ്റ് സീറ്റ് വഴി തറയിലേക്കിറങ്ങി. ടോയ്‌ലറ്റ് പൈപ്പ് വഴിയാണ് പാമ്പ് ശുചിമുറിയിൽ എത്തിയതെന്നാണ് നിഗമനം.
അതിനിടെ പാമ്പ് പിടുത്തക്കാരനെ വിളിച്ചുവരുത്തി. പാമ്പ് പിടുത്തക്കാരനായ ഗോവിന്ദ് ശർമ്മ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പാമ്പിനെ ചാക്കിലാക്കിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും അപ്പോഴേക്കും സ്ഥലത്തെത്തിയിരുന്നു. പാമ്പിനെ പിടികൂടി ലഡ്പുര വനത്തിൽ തുറന്നുവിട്ടു.


