അഞ്ച് ദിവസമായി മുതലിയാര്‍ പൊലീസ് സ്റ്റേഷനില്‍ സജ്ജമാക്കിയ പ്രത്യേകം കൂടുകളിലാണ് ഇവയെ സൂക്ഷിച്ചിരിക്കുന്നത്. പോരിനായി തന്നെ സജ്ജമാക്കിയ കോഴികളായ ജാവ, കലിവ, കതിർ, യഗത്ത് എന്നീ കോഴികളെ തീറ്റയും വെള്ളവും കൊടുത്ത് പൊലീസുകാരാണ് സംരക്ഷിക്കുന്നത്

പുതുച്ചേരി: പൊങ്കല്‍ ആഘോഷത്തിനിടെ നടത്തുന്ന കോഴിപ്പോഴിന് കൃത്യമായ മാനദണ്ഡങ്ങള്‍ മദ്രാസ് ഹൈക്കോടതി നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കാതെ നടക്കുന്ന പണം വച്ചുള്ള കോഴിപ്പോര് ഇത്തവണയും തമിഴ്നാട്ടില്‍ സജീവമാണ്. ഇത്തരത്തില്‍ പണം വച്ച് നടന്ന കോഴി പോരിലെ പ്രതികളെ അഞ്ച് ദിവസമായി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ പുതുച്ചേരിയിലാണ് അപൂര്‍വ്വ കാഴ്ച. പണപന്തയം നടക്കുന്നുവെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് പുതുച്ചേരി പൊലീസ് തങ്കൈത്തിട്ടില്‍ റെയ്ഡ് നടത്തിയത്. മുതലിയാര്‍ പേട്ടിന് സമീപത്തെ തങ്കൈത്തിട്ടില്‍ നിന്ന് കോഴിപ്പോരുകാരെ പൊലീസ് പിടികൂടുകയും ചെയ്തു.

തിലക് നഗര്‍ സ്വദേശികളായ ചിന്നത്തമ്പി, പ്രതാപ് എന്നിവരേയും ഇവരുടെ പോരുകോഴികളേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആളുകള്‍ പൊലീസിനെ കണ്ടതോടെ ചിതറി ഓടിയിരുന്നു. അനുമതിയില്ലാതെ നിയമവിരുദ്ധമായി കോഴിപ്പോര് സംഘടിപ്പിച്ചതിന് ഇരുവരും അറസ്റ്റിലായെങ്കിലും അടുത്ത ദിവസം തന്നെ ജാമ്യത്തിലിറങ്ങി. എന്നാല്‍ ഇവരുടെ പോരുകോഴികള്‍ തൊണ്ടി മുതലായതിനാല്‍ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു. അഞ്ച് ദിവസമായി മുതലിയാര്‍ പൊലീസ് സ്റ്റേഷനില്‍ സജ്ജമാക്കിയ പ്രത്യേകം കൂടുകളിലാണ് ഇവയെ സൂക്ഷിച്ചിരിക്കുന്നത്. പോരിനായി തന്നെ സജ്ജമാക്കിയ കോഴികളായ ജാവ, കലിവ, കതിർ, യഗത്ത് എന്നീ കോഴികളെ തീറ്റയും വെള്ളവും കൊടുത്ത് പൊലീസുകാരാണ് സംരക്ഷിക്കുന്നത്. ഇന്ന് ഇവയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസില്‍ കോടതി തീരുമാനം എത്തുന്നത് വരെ പോരുകോഴികളെ സംരക്ഷിക്കേണ്ടത് പൊലീസുകാരുടെ ചുമലിലാണ്. പോരിൽ കാണിക്കുന്ന പെര്‍ഫോമന്‍സിനെ അടിസ്ഥാനമാക്കി കണക്കാക്കിയാല്‍ പതിനായിരം മുതൽ ഒരു ലക്ഷം വരെയൊക്കെ പോരുകോഴികള്‍ക്ക് വില ലഭിക്കുമെന്നാണ് സൂചന.

പണപ്പന്തയം വച്ച് പോര് നടത്തുന്നത് തമിഴ്നാട്ടില്‍ കുറ്റകരമാണ്. കോഴികളെ പോരിനിറക്കുന്നതിന് മദ്രാസ് ഹൈക്കോടതി ചില മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. പോരുകോഴികളുടെ കാലിൽ കത്തി കെട്ടിവച്ച് പോരിനിറക്കാന്‍ അനുമതിയില്ല. ഇങ്ങനെ ചെയ്യുന്നത് കുറ്റകരമാണ്. നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും പൊങ്കൽക്കാലത്ത് തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും പണം വച്ചും കത്തി കെട്ടിവച്ചുമെല്ലാം കോഴിപ്പോര് ഇപ്പോഴും സജീവമാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചിറ്റൂരില്‍ പിടികൂടിയ പോരുകോഴികളെ പൊലീസ് സ്റ്റേഷനില്‍ വച്ച് ലേലം ചെയ്തിരുന്നു. ചിറ്റൂർ അത്തിക്കോട് വച്ച് നടന്ന കോഴിപ്പോരിലെ പോര് കോഴികളെയാണ് പൊലീസ് ലേലം ചെയ്തത്. 2 പോര് കോഴികളും 11 ബൈക്കും രണ്ട് പ്രതികളും പൊലീസിൻ്റെ കയ്യിലകടപ്പെട്ടത്. അറസ്റ്റിലായ സുഭാഷ്, പ്രദീപ് എന്നിവരുടെ കോഴികളെയാണ് ലേലം ചെയ്ത് നല്‍കുകയായിരുന്നു. രണ്ടു കോഴികൾക്കും കൂടി 7750 രൂപയാണ് പൊലീസിന് കിട്ടിയത്. കോടതിയിൽ കോഴിയെ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത് കൊകൊണ്ടാണ് ലേലം ചെയ്ത് ആ തുക കോടതിയിൽ കെട്ടിവച്ചത്.