ഡൽഹിയിലെ പ്രതിഷേധസമരത്തിൽ പങ്കെടുത്ത് ജൂലായ് 20-ന് തിരികെ കോളേജിലെത്തിയതിന് പിന്നാലെ പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിച്ചെന്നും ജോലിയിൽനിന്ന് പുറത്താക്കുന്നതായി അറിയിച്ചെന്നുമാണ് അധ്യാപകന്റെ ആരോപണം.
ലഖ്നൗ: ഡൽഹി ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി കോളേജ് അധ്യാപകന്റെ പരാതി. ഉത്തർപ്രദേശിലെ ബരേയ്ലി ഗാന്ന ഉത്പഡക് പിജി കോളേജിലെ കൊമേഴ്സ് വിഭാഗം അസി. പ്രൊഫസറായ ഡോ. മോഹിത് ഭരദ്വാജ്(32) ആണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഡൽഹിയിലെ പ്രതിഷേധസമരത്തിൽ പങ്കെടുത്ത് ജൂലായ് 20-ന് തിരികെ കോളേജിലെത്തിയതിന് പിന്നാലെ പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിച്ചെന്നും ജോലിയിൽനിന്ന് പുറത്താക്കുന്നതായി അറിയിച്ചെന്നുമാണ് അധ്യാപകന്റെ ആരോപണം.
കാരണം കാണിക്കൽ നോട്ടീസോ നിയമപ്രകാരമുള്ള നടപടികളോ പാലിക്കാതെയാണ് ജോലിയിൽനിന്ന് പുറത്താക്കിയത്. വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചാണ് ഡൽഹിയിലെ സമരത്തിൽ പങ്കെടുത്തത്. ഇതിനിടെ തെറ്റായ പെരുമാറ്റമോ മറ്റുകാര്യങ്ങളോ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അധ്യാപകൻ പറയുന്നു. നിരന്തരമായ പരാതികളെ തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിടുന്നതായാണ് അറിയിപ്പ് ലഭിച്ചതെന്നും എന്നാൽ, ഇതെല്ലാം തെറ്റായ ആരോപണങ്ങളാണെന്നും രണ്ടുവർഷത്തിനിടെ തനിക്കെതിരേ യാതൊരു പരാതിയും ഉണ്ടായിട്ടില്ലെന്നും അധ്യാപകൻ പറഞ്ഞു.
അതേസമയം, ഡൽഹിയിലെ പ്രതിഷേധസമരങ്ങളുടെ വീഡിയോകളടക്കം പരിശോധിച്ചാണ് കോളേജ് അധികൃതർ അധ്യാപകനെ പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകളിലുള്ളത്. സ്ഥാപനത്തിൽ രാഷ്ട്രീയം അനുവദിക്കില്ലെന്നും കോളേജ് മാനേജ്മെന്റിന്റെ തീരുമാനപ്രകാരമാണ് അധ്യാപകനെ പിരിച്ചുവിട്ടതെന്നും കോളേജ് ഡയറക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.


