ദാമന്‍ ദിയു: സര്‍വീസില്‍ തിരിച്ചെത്തിയില്ലെന്നതിന്‍റെ പേരില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ വീണ്ടും എഫ്ഐആര്‍.  കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ദിയു പൊലീസാണ് കണ്ണന്‍ ഗോപിനാഥിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് പൊലീസ് കണ്ണന്‍ ഗോപിനാഥിനെതിരെ കേസെടുത്തിരുന്നു. ജമ്മു കശ്മീർ വിഭജനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ദാദ്ര നഗർ ഹവേലി ഊർജ സെക്രട്ടറി ആയിരുന്ന കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽ നിന്ന് രാജിവച്ചത്.

എട്ട് മാസം മുന്‍പ് താന്‍ രാജിവച്ചതല്ലേ പിന്നെയെന്തിനാണ് അമിത് ഷാ എന്തിനാണ് ഇത്ര പരവശനാവുന്നതെന്നുമാണ് പുതിയ എഫ്ഐആറിനോടുള്ള കണ്ണന്‍ ഗോപിനാഥിന്‍റെ പ്രതികരണം. സന്നദ്ധ സേവനം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും വ്യക്തമാക്കി. തിരിച്ച് ഐഎഎസിലേക്ക് ചേരില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയാണ് കണ്ണന്‍ ഗോപിനാഥിന്‍റെ ട്വിറ്ററിലെ പ്രതികരണം. 

നേരത്തെ സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗുജറാത്ത് പൊലീസ് കണ്ണന്‍ ഗോപിനാഥിനെതിരെ കേസെടുത്തിരുന്നത്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു. പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു എന്നീ പരാതികളിലായിരുന്നു ഗുജറാത്ത് പൊലീസിന്‍റെ എഫ്ഐആര്‍.  സിവിൽ സർവീസിൽ നിന്ന് രാജിവച്ചശേഷം പൗരത്വ നിയമ ഭേദഗതിക്കെതിരായി കണ്ണന്‍ ഗോപിനാഥ് ശക്തമായി രംഗത്തുവരികയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ നിരവധി തവണ കണ്ണന്‍ ഗോപിനാഥിന്റെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു