Asianet News MalayalamAsianet News Malayalam

ലിംഗവിവേചനം പാടില്ല: വനിതകൾക്ക് കരസേനയിൽ സുപ്രധാന പദവികൾ നൽകണമെന്ന് സുപ്രീംകോടതി

കേന്ദ്രസർക്കാരിന്‍റെ നിലപാട് വിവേചനപരമാണെന്ന് വിമർശിച്ച കോടതി സേനാവിഭാഗങ്ങളിൽ ലിംഗവിവേചനത്തിന് അവസാനമുണ്ടാകണമെന്നും നിർദ്ദേശിച്ചു

Command posts for women officers supreme court verdict
Author
Delhi, First Published Feb 17, 2020, 11:27 AM IST

ദില്ലി: വനിതകൾക്ക് കരസേനയിൽ സുപ്രധാന പദവികളാകാമെന്നും ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ലിംഗവിവേചനം പാടില്ലെന്നും സുപ്രീം കോടതി. കേന്ദ്രസർക്കാരിന്‍റെ നിലപാട് വിവേചനപരമാണെന്ന് വിമർശിച്ച കോടതി സേനാവിഭാഗങ്ങളിൽ ലിംഗവിവേചനത്തിന് അവസാനമുണ്ടാകണമെന്നും നിർദ്ദേശിച്ചു. ജ. ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ കോടതിയാണ് പ്രതിരോധ സേനകളില്‍ സുപ്രധാന പദവികളില്‍ സ്ത്രീകളെ നിയമിക്കുന്നതിനുള്ള വിധി പുറപ്പെടുവിച്ചത്. 

വനിതാ കമാന്റർമാരെ സൈന്യത്തിലെ പുരുഷന്മാർ അംഗീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ

കരസേന യൂണിറ്റുകളുടെ തലപ്പത്ത് വനിതകളെയും നിയമിക്കാം. യൂണിറ്റുകളുടെ തലപ്പത്ത് ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ ലിംഗവിവേചനം പാടില്ല. നിലവില്‍ സേനാ വിഭാഗങ്ങളിൽ ലിംഗവിവേചനത്തിന് അവസാനം ഉണ്ടാകണം. യുദ്ധ തടവുകാരാകുന്നത് ഒഴിവാക്കാനാണ് വനിത ഓഫീസർമാരെ കമാണ്ടർ പോസ്റ്റുകളിൽ നിയമിക്കാത്തത് എന്ന കേന്ദ്ര സർക്കാർ നിലപാട് ലിംഗവിവേചനമാണെന്നും കോടതി വ്യക്തമാക്കി. വനിതകൾക്ക് കരസേനാ യൂണിറ്റ് മേധാവികളാകാമെന്ന ദില്ലി ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് പരമോന്നത കോടതിയുടെ നിരീക്ഷണം. 

വനിത ഉദ്യോഗസ്ഥരെ പ്രധാന പദവികളിൽ നിയമിക്കാൻ പുരുഷ ഉദ്യോഗസ്ഥർ തയ്യാറല്ല എന്നും വനിത ഓഫീസർമാരെ യുദ്ധ തടവുകാരാക്കുന്നത് ഒഴിവാക്കാനാണ് ഇവരെ കമാന്റർ പോസ്റ്റിൽ നിയമിക്കാത്തതെന്നും കേന്ദ്രം വാദിച്ചിരുന്നു. കായികക്ഷമത, മാതൃത്വം, കുടുംബം എന്നിവ ഉയർത്തി കേന്ദ്രം ഉന്നയിക്കുന്ന വാദം കരസേനക്ക് തന്നെ അപമാനമാണെന്നും സൂപ്രീം കോടതി ചൂണ്ടിക്കാണിച്ചു. സേനകളില്‍  സ്ത്രീകള്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വിരമിക്കുന്നതാണ് നിലവില്‍ രീതി. വനിതാ ഉദ്യോഗസ്ഥരെ യുദ്ധമേഖലയിലല്ലാതെ എല്ലാ തന്ത്രപ്രധാന മേഖലകളില്‍ നിയമിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവ്. വിധി മൂന്നുമാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

 

Follow Us:
Download App:
  • android
  • ios