കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്നും കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. 

കോയമ്പത്തൂര്‍: തമിഴ്നാട് കോയമ്പത്തൂരിലെ കാർ സ്ഫോടനക്കേസിൽ അറസ്റ്റിലായ അഞ്ച് പേരിൽ ചിലർ കേരളം സന്ദർശിച്ചിരുന്നതായി കോയമ്പത്തൂർ പൊലീസ്. കേരളത്തിൽ വന്ന പ്രതികൾ ജയിലുകളിൽ തീവ്രവാദ കേസിൽ തടവിൽ കഴിയുന്നവരെ സന്ദർശിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ദേശീയ സുരക്ഷ ഏജൻസിയും കേസിന്‍റെ വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ട്. അറസ്റ്റിലായ മൂന്ന് പ്രതികൾ ചേർന്നാണ് കാറിലേക്ക് സ്ഫോടക വസ്തുക്കൾ കയറ്റിയത് എന്നും കമ്മിഷണർ സ്ഥിരീകരിച്ചു. സ്ഫോടനത്തിന് ഉപയോഗിച്ച കാറ് പത്ത് തവണ കൈമാറി വന്നതാണ്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബീന് കാറ് നൽകിയത് അറസ്റ്റിൽ ആയ ദൽഹയാണ്. 

1998 ലെ കോയമ്പത്തൂർ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനും അൽ ഉമ്മ സംഘടനയുടെ സ്ഥാപകനുമായ എസ് എ ബാഷയുടെ സഹോദരപുത്രനാണ് ദൽഹ എന്നും പൊലിസ് വ്യക്തമാക്കി. ഫിറോസ് ഇസ്മയിൽ, മുഹമ്മദ് ദൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും കോയമ്പത്തൂർ ജി എം നഗർ, ഉക്കടം സ്വദേശികളാണ്. പ്രതികൾക്കുമേല്‍ യുഎപിഎ ചുമത്തി. ഉക്കടയിലെ വീട്ടിൽ നിന്ന് 75 കിലോഗ്രാം സ്ഫോടക വസ്തു ചേരുവ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. സൽഫർ, പൊട്ടാസ്യം, അലുമിനിയം പൗഡർ എന്നിവയാണ് കിട്ടിയത്. പ്രതികളുടെ തീവ്രവാദ ബന്ധം പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സഹായം കിട്ടിയ വഴിയും ഗൂഡലോചനയുടെ വേരും കണ്ടെത്തിയാലേ ഇക്കാര്യത്തിൽ വ്യക്തത വരു എന്ന് കമ്മീഷ്ണർ അറിയിച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെ കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്താണ് കാറിൽ സ്ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന ജമീഷ മുബിൻ എന്നയാൾ കൊല്ലപ്പെട്ടു. തീവ്രവാദ കേസുമായി ബന്ധപ്പെട്ട് നേരത്തെ എൻഐഎ ചോദ്യംചെയ്ത വ്യക്തിയായിരുന്നു കൊല്ലപ്പെട്ട ജമീഷ മുബിൻ. കാറിൽ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചാവേറാക്രമണമെന്നും തീവ്രവാദബന്ധമെന്ന നിലയിലേക്കും അന്വേഷണമെത്തിയത്. കേസിൽ ആറ് സംഘങ്ങളായാണ് തമിഴ്നാട് പൊലീസ് അന്വേഷണം നടത്തുന്നത്.