20 പാർട്ടികളാണ് സഖ്യത്തിലുള്ളതെന്നും ഒരു സമിതിയും ഈ പാർട്ടികളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
ദില്ലി: 'ഇന്ത്യ' സഖ്യത്തിൽ സമിതികൾക്ക് അടിസ്ഥാനമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 28 പാർട്ടികളാണ് സഖ്യത്തിലുള്ളതെന്നും ഒരു സമിതിയും ഈ പാർട്ടികളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യ സഖ്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഈ പാർട്ടികളിലെ ഉന്നത നേതാക്കളാണെന്നും സഖ്യത്തിൽ കൂട്ടായ തീരുമാനം എടുക്കാൻ എല്ലാവരോടും ആലോചിക്കേണ്ടതുണ്ടെന്നും യെച്ചൂരി കൂട്ടിചേർത്തു.
നേരത്തെ ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതി സംഘടിപ്പിച്ചതിൽ സിപിഎം പിബിയിൽ എതിർപ്പ് ഉയർന്നിരുന്നു. കെ സി വേണുഗോപാൽ ഉൾപ്പെടുന്ന സമിതിയിൽ അംഗമാകുന്നതിനെ കേരള നേതൃത്വം എതിർത്തിരുന്നു. സമിതിയിൽ സഹകരിക്കുന്നത് കേരളത്തിൽ തിരിച്ചടിയെന്നാണ് നേതാക്കളുടെ നിലപാട്.
അതേസമയം, ഇന്ത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സമിതികൾ ഉണ്ടാകരുതെന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. സഖ്യത്തിലെ തീരുമാനങ്ങൾ എടുക്കുന്നത് ഉന്നത പാർട്ടി നേതൃത്വങ്ങൾ ആണ്. അത് തടസ്സപ്പെടുത്തുന്ന രീതിയിൽ സമിതികൾ ഉണ്ടാകാൻ പാടില്ലെന്നും പിബി ചൂണ്ടിക്കാണിച്ചു. 14 അംഗ ഏകോപന സമിതിയിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അംഗമാണ്. ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്നും ബിജെപിയെ പരാജയപ്പെടുത്താനുള്ള ശ്രമം വേണമെന്നും പിബി കൂട്ടിച്ചേർത്തു. സിപിഎം ന്റെ കേന്ദ്ര കമ്മിറ്റി യോഗം ഒക്ടോബർ 27 മുതൽ 29 വരെ ചേരും.
Read More: ഇന്ത്യ സഖ്യത്തിൽ ഭിന്നത; ഏകോപന സമിതിയിൽ സിപിഎം പ്രതിനിധിയില്ല
അതേസമയം, പാര്‍ലമെന്‍റ് സമ്മേളനത്തിലടക്കം സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് പിന്നാലെ അമിത് ഷായും ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനം ശക്തമാക്കി. അധികാരക്കൊതിയുള്ളവരുടെ കൂട്ടമാണ് ഇന്ത്യ സഖ്യമെന്ന് കുറ്റപ്പെടുത്തിയ അമിത് ഷാ, ഇന്ത്യ സഖ്യം രക്ഷപ്പെടില്ലെന്നും നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ബിഹാറിലെ റാലിയില്‍ പറഞ്ഞു. യുപിഎ എന്ന പേര് പറയാൻ പ്രതിപക്ഷത്തിന് നാണക്കേടാണ്. 12 ലക്ഷം കോടിയുടെ അഴിമതിയാണ് നടത്തിയത്. പുതിയ പേരുമായി സഖ്യമെത്താൻ കാരണം ഈ അപമാനഭാരമാണെന്നും അമിത് ഷാ പരിഹസിച്ചു.
