നിയമപ്രകാരം പാലിക്കേണ്ട ഒരു നടപടിക്രമവും പാലിക്കാതെ പരാതിക്കാരനെ നിസാരമായി പിടിച്ചുകൊണ്ടുവന്ന് യാതൊരു കാരണവും കൂടാതെ ലോക്കപ്പില്‍ അടയ്ക്കുകയായിരുന്നുവെന്ന് കോടതി വിധിയില്‍ പറയുന്നു.
ന്യൂഡല്‍ഹി: അകാരണമായി അര മണിക്കൂര്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ കഴിയേണ്ടി വന്ന വ്യക്തിക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ഡല്‍ഹി പൊലീസിനെതിരായ കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടേതാണ് വിധി. പൊതുജനങ്ങളെ പൊലീസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്ന രീതി ഞെട്ടിക്കുന്നതാണെന്നത് ഉള്‍പ്പെടെ ഗുരുതരമായ വിമര്‍ശനങ്ങളും വിധിന്യായത്തില്‍ ഉണ്ട്.
കുറ്റക്കാരായ പൊലീസുകാര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കുന്നതിന് വേണ്ടി നഷ്ടപരിഹാരത്തുക അവരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ വിധിയില്‍ പറയുന്നു. പരാതിക്കാരന്റെ വ്യക്തിസ്വാതന്ത്ര്യം മാനിക്കാതെയും യാതൊരു തരത്തിലുള്ള വീണ്ടുവിചാരമില്ലാതെയും ഉദ്യോഗസ്ഥര്‍ പെരുമാറി. നിയമപ്രകാരം പാലിക്കേണ്ട ഒരു നടപടിക്രമവും പാലിക്കാതെ പരാതിക്കാരനെ നിസാരമായി പിടിച്ചുകൊണ്ടുവന്ന് യാതൊരു കാരണവും കൂടാതെ ലോക്കപ്പില്‍ അടയ്ക്കുകയായിരുന്നു. ലോക്കപ്പില്‍ കഴിയേണ്ടി വന്ന സമയം ചെറുതാണെന്നത് കൊണ്ട് നിയമപ്രകാരമുള്ള നടപടികള്‍ പാലിക്കാതെ അയാളുടെ വ്യക്തി സ്വാതന്ത്ര്യം അല്‍പനേരമെങ്കിലും ഹനിച്ച പൊലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടാനാവില്ലെന്നും ഒക്ടോബര്‍ അഞ്ചാം തീയ്യതി പുറപ്പെടുവിച്ച കോടതി വിധിയിലുണ്ട്.
പൊലീസുകാര്‍ക്ക് സ്വന്തം നിലയില്‍ നിയമമായി മാറാനാവില്ലെന്ന വ്യക്തമായ സന്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നാണ് കോടതിയുടെ അഭിപ്രായം. അര മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് നിയമവിരുദ്ധ തടങ്കല്‍ സംഭവിച്ചതെങ്കിലും അയാള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണം. ഈ തുക കേസിലെ നാലും അഞ്ചും പ്രതികളായ പൊലീസുകാരില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഒരു പച്ചക്കറി കച്ചവടക്കാരനും സ്ത്രീയും തമ്മിലുള്ള അടിപിടിയെക്കുറിച്ചുള്ള പരാതിയുടെ പേരിലാണ് തന്നെ നിയമവിരുദ്ധമായി ലോക്കപ്പില്‍ ഇട്ടതെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ഇയാളുടെ അറസ്റ്റ് പോലും രേഖപ്പെടുത്താതെയായിരുന്നു ഇത്.
