Asianet News MalayalamAsianet News Malayalam

അരുണാചലില്‍ ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി; പൊലീസ് എഫ്ഐആറില്‍ കൃത്രിമം കാട്ടിയെന്ന് യുവതി

സംഭവം നടന്ന് രണ്ട് മാസമായിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ ഉള്‍പ്പടെ കണ്ട് പരാതി നല്‍കാനാണ് യുവതി ദില്ലിയില്‍ എത്തിയിരിക്കുന്നത്. 

Complaint against bjp mla in Arunachal Pradesh
Author
Delhi, First Published Dec 10, 2019, 3:46 PM IST

ദില്ലി: അരുണാചലില്‍ ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി. എംഎല്‍എ ഗ്രൂക്ക് പൊഡുങ്ങിനെതിരെ അരുണാചല്‍ സ്വദേശിയായ ഡോക്ടറാണ് പരാതി നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 12 ന് ഔദ്യോഗിക യോഗത്തിനെന്ന പേരില്‍ മെഡിക്കല്‍ ഓഫീസറായ തന്നെ എംഎല്‍എ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‍തെന്നാണ് യുവതിയുടെ പരാതി. പൊലീസ് എഫ്ഐആറില്‍ കൃത്രിമം കാട്ടി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും യുവതി ആരോപിക്കുന്നു. സംഭവം നടന്ന് രണ്ട് മാസമായിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ ഉള്‍പ്പടെ കണ്ട് പരാതി നല്‍കാനാണ് യുവതി ദില്ലിയില്‍ എത്തിയിരിക്കുന്നത്. 

സംഭവം നടന്ന അന്നുതന്നെ പൊലീസില്‍ പരാതിനല്‍കിയിരുന്നു. കേസ് എടുത്തെങ്കിലും എഫ്ഐആറില്‍ എംഎല്‍എയ്ക്ക് എതിരെ കുറ്റം ചുമത്തിയിരിക്കുന്നത് പെട്ടെന്ന് ജാമ്യം കിട്ടുന്ന വകുപ്പുകളിലാണ്.തന്‍റെ മൊഴി കൃത്യമായി പൊലീസ് രേഖപ്പെടുത്തിയില്ല. എംഎല്‍എയ്ക്ക് എതിരെ പരാതി നല്‍കിയാല്‍ അതിന്‍റെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് പൊലീസ് തന്നെ ഉപദേശിക്കുകയായിരുന്നു എന്നും യുവതി പറയുന്നു. കേസില്‍ ജാമ്യം കിട്ടിയ എംഎല്‍എ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. അരുണാചല്‍ സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ദില്ലിയില്‍ എത്തിയതെന്നും രണ്ട് മാസമായി വലിയ മാനസിക പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെന്നും യുവതി പറഞ്ഞു.

Follow Us:
Download App:
  • android
  • ios