ജനാധിപത്യ രാജ്യമെന്ന നിലയിൽ, ബംഗ്ലാദേശില്‍ സ്വാതന്ത്ര്യം  വെട്ടിക്കുറയ്ക്കുന്നതിലും രാഷ്ട്രീയ ഇടങ്ങൾ ചുരുങ്ങുന്നതിലും ഇന്ത്യ സ്വാഭാവികമായും ആശങ്കാകുലരാണ്.

ദില്ലി: ബം​ഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിനെ നിരോധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശിൽ അവാമി ലീഗിനെ നടപടിക്രമങ്ങളില്ലാതെ നിരോധിച്ചത് ആശങ്കാജനകമായ സംഭവവികാസമാണ്. ജനാധിപത്യ രാജ്യമെന്ന നിലയിൽ, സ്വാതന്ത്ര്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതിലും രാഷ്ട്രീയ ഇടങ്ങൾ ചുരുങ്ങുന്നതിലും ഇന്ത്യ സ്വാഭാവികമായും ആശങ്കാകുലരാണ്. ബംഗ്ലാദേശിൽ സ്വതന്ത്രവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തിരഞ്ഞെടുപ്പുകൾ എത്രയും വേഗം നടത്തുന്നതിനെ ഞങ്ങൾ ശക്തമായി പിന്തുണയ്ക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. 

ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ കഴിഞ്ഞ ദിവസമാണ് നിരോധിച്ചത്. ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവാമി ലീ​ഗിനെ നിരോധിച്ചത്. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൽ (ഐസിടി) അവാമി ലീഗിന്റെ വിചാരണ പൂർത്തിയാകുന്നതുവരെ നിരോധനം തുടരുമെന്ന് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാമി ലീ​ഗിനെ നിരോധിച്ചതെന്നും വ്യക്തമാക്കി. 

അവാമി ലീഗ് ഭരണകൂടത്തിന്റെ പതനത്തിലേക്ക് നയിച്ച 2024 ജൂലൈയിലെ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ, പിന്തുണ നൽകിയവർ, പരാതി നൽകിയവർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും സർക്കാർ ചൂണ്ടിക്കാട്ടി. യൂനസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, രാഷ്ട്രീയ പാർട്ടികളെയും അവയുടെ മുന്നണി സംഘടനകളെയും അനുബന്ധ സ്ഥാപനങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ട്രൈബ്യൂണലിന് അധികാരം നൽകുന്ന ഐസിടി നിയമത്തിൽ ഭേദഗതികൾ വരുത്തി.

1949-ൽ സ്ഥാപിതമായ അവാമി ലീഗ്, കിഴക്കൻ പാകിസ്ഥാന്റെ സ്വയംഭരണ പ്രസ്ഥാനത്തിൽ നിർണായക പങ്ക് വഹിക്കുകയും ബംഗ്ലാദേശിന് ജന്മം നൽകിയ 1971 ലെ വിമോചന യുദ്ധത്തിന് നേതൃത്വം നൽകുകയും ചെയ്ത പാർട്ടിയാണ്.