ജയിലിൽ എല്ലാ വിവിഐപി സൗകര്യങ്ങളും നൽകാൻ ദില്ലി മുഖ്യമന്ത്രി നിർബന്ധിതനാണ്. സത്യേന്ദർ ജെയിനിന്റെ ഹവാല ഇടപാടുകളിൽ കെജ്‌രിവാളിനുള്ള പങ്കാളിത്തം മൂലമാണ് സത്യേന്ദർ ജെയിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തതെന്നും ബിജെപി ആരോപിച്ചു. 

ദില്ലി: എഎപി നേതാവും ദില്ലി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലില്‍ സഹ തടവുകാരന്‍ കാല്‍ തിരുമ്മിക്കൊടുക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സത്യേന്ദർ ജയിനും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എതിരെ പൊലീസിൽ പരാതി നൽകി ബിജെപി. ജയിലിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാരോപിച്ചാണ് ഇരുവർക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്. 

ബിജെപി നേതാക്കളായ പർവേഷ് സാഹിബ് സിങ്, മജീന്ദർ സിങ് സിർസ, തജീന്ദർ പാൽ സിങ് ബ​​ഗ എന്നിവരാണ് എഎപി നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. സത്യേന്ദർ ജെയിൻ 2000ലെ ദില്ലി ജയിൽ നിയമത്തിന്റെ വിവിധ നിയമങ്ങളും വകുപ്പുകളും ലംഘിച്ചുവെന്ന് മാത്രമല്ല, തിഹാർ ജയിലിൽ വളരെ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കാനും ശ്രമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. അരവിന്ദ് കെജ്‌രിവാൾ തന്റെ മന്ത്രിക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സത്യേന്ദർ ജെയിൻ അരവിന്ദ് കെജ്‌രിവാളിന്റെ കളക്ഷൻ ഏജന്റാണ്. അതിനാൽ ജയിലിൽ എല്ലാ വിവിഐപി സൗകര്യങ്ങളും നൽകാൻ ദില്ലി മുഖ്യമന്ത്രി നിർബന്ധിതനാണ്. സത്യേന്ദർ ജെയിനിന്റെ ഹവാല ഇടപാടുകളിൽ കെജ്‌രിവാളിനുള്ള പങ്കാളിത്തം മൂലമാണ് സത്യേന്ദർ ജെയിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തതെന്നും ബിജെപി ആരോപിച്ചു. 

തിഹാർ ജയിലിൽ സത്യേന്ദർ ജെയിൻ കട്ടിലിൽ കിടക്കുമ്പോൾ സഹതടവുകാരൻ അദ്ദേഹത്തിന്റെ കാൽ മസാജ് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദില്ലി ജയിൽ വകുപ്പ് എഎപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിലാണ് വരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ജെയിൻ ചില രേഖകൾ വായിക്കുന്നതും വെള്ള ടീ ഷർട്ടിട്ട ഒരാൾ കാലുകൾ മസാജ് ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. ജെയിനിന് വിഐപി പരി​ഗണന നൽകിയെന്നാരോപിച്ച് തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. സത്യേന്ദർ ജെയിന് തിഹാർ ജയിലിനുള്ളിൽ തല മസാജ്, കാൽ മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് നൽകുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. ദില്ലി മന്ത്രി ജയിലിൽ ആഡംബര ജീവിതം നയിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകളും ഇഡി സമർപ്പിച്ചിരുന്നു. 

Read Also: തിഹാര്‍ ജയിലില്‍ സഹതടവുകാരന്‍റെ മസാജ്, സത്യേന്ദര്‍ ജെയിന് വിഐപി പരിഗണനയെന്ന് ബിജെപി; ദൃശ്യങ്ങള്‍ പുറത്ത്