സീറ്റിന് കോഴ ആരോപണം ഉന്നയിച്ച് ഇതിനിടെ ലാലുപ്രസാദ് യാദവിന്‍റെ വസതിക്ക് മുന്നില്‍ ആര്‍ജെഡി നേതാവ് പൊട്ടിക്കരഞ്ഞു. എന്‍ഡിഎയില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയില്‍ നിതീഷ് കുമാര്‍ അവകാശവാദം ഉന്നയിച്ചു.
പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലെ കക്ഷികള്‍ തമ്മിലുള്ള പോര് കൂടുതല്‍ മണ്ഡലങ്ങളിലേക്ക്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി നാളെയാണെന്നിരിക്കേ 9 മണ്ഡലങ്ങളില്‍ മത്സരത്തില്‍ നിന്ന് പിന്മാറാതെ കക്ഷികള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. സീറ്റിന് കോഴ ആരോപണം ഉന്നയിച്ച് ഇതിനിടെ ലാലുപ്രസാദ് യാദവിന്‍റെ വസതിക്ക് മുന്നില്‍ ആര്‍ജെഡി നേതാവ് പൊട്ടിക്കരഞ്ഞു. എന്‍ഡിഎയില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയില്‍ നിതീഷ് കുമാര്‍ അവകാശവാദം ഉന്നയിച്ചു.
മഹാസഖ്യത്തിലെ പോര് കനക്കുന്നു. ആര്‍ജെഡിയും കോണ്‍ഗ്രസും സിപിഐയും ജെഎംഎമ്മും തമ്മിലുള്ള പോര് 9 മണ്ഡലങ്ങളിലേക്ക്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുമ്പോഴാണ് തമ്മിലടിയുടെ ചിത്രം കൂടുതല്‍ തെളിയുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെയാണ്. എന്നാല്‍ നേര്‍ക്ക് നേര്‍ വരുന്ന മണ്ഡലങ്ങളില്‍ നല്‍കിയ പത്രിക പിന്‍വലിക്കാന്‍ ഒരു കക്ഷിയും തയ്യാറിയിട്ടില്ല.
ലാലു പ്രസാദ് യാദവിന്‍റെ വസതിക്ക് മുന്നിലാണ് ഈ നാടകീയ കാഴ്ച. ലാലു വാഗ്ദാനം ചെയ്തതിന് പിന്നാലെ സഞ്ജയ് യാദവെന്ന നേതാവ് വിളിച്ച് രണ്ടേ മുക്കാല്‍ കോടി രൂപ ചോദിച്ചെന്നും പണമില്ലാത്തതിനാല്‍ സീറ്റ് പോയെന്നുമാണ് മദന്‍ഷായെന്ന നേതാവിന്‍റെ ആരോപണം. പിന്നീട് ഈ സീറ്റ് വിറ്റുപോയെന്ന വിവരം കിട്ടിയെന്നും ആര്‍ജെഡിയെ വെട്ടിലാക്കി മദന്‍ ഷാ ആക്ഷേപിച്ചു. മഹാസഖ്യത്തില്‍ കോണ്‍ഗ്രസും സമാന ആരോപണം നേരിടുകയാണ്. 5 കോടി രൂപക്ക് പല സീറ്റുകളും പിസിസി അധ്യക്ഷന്‍ രാജേഷ് റാം അടങ്ങുന്ന സംഘം വിറ്റെന്ന ആരോപണവുമായി സീറ്റ് നിഷേധിക്കപ്പെട്ട എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു.
പാറ്റ്ന വിമാനത്താവളത്തില്‍ രാജേഷ് റാമിനെയും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള നേതാവ് കൃഷ്ണ അല്ലാവരുവിനെയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി എന്‍ഡിഎയില്‍ നിതീഷ് കുമാര്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. മുഖ്യമന്ത്രിയെ ഘടകകകക്ഷികള്‍ തീരുമാനിക്കുമെന്ന് നിലപാടടെുത്ത അമിത് ഷായോട് സഖ്യം അധികാരത്തില്‍ വന്നാല്‍ താന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് നിതീഷ് കുമാർ അറിയിച്ചതായാണ് വിവരം. ബിഹാറിന് യുവത്വത്തിന്‍റെ മുഖമെന്ന മുദ്രാവാക്യമുയര്‍ത്തി ചിരാഗ് പാസ്വാന്‍ ആ കസേര ലക്ഷ്യമിടുന്നതും നിതീഷിനെ അസ്വസ്ഥനാക്കുന്നുണ്ട്.



