Asianet News MalayalamAsianet News Malayalam

തർക്കം തീരാതെ മധ്യപ്രദേശ് കോൺഗ്രസ്; കമൽനാഥുമായി സോണിയയുടെ കൂടിക്കാഴ്ച ഇന്ന്

പിസിസി അധ്യക്ഷപദം ജ്യോതിരാദിത്യ സിന്ധ്യക്ക് നൽകാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമൽനാഥും മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും. ഇന്നലെ സോണിയ ഗാന്ധി ജോതിരാദിത്യ സിന്ധ്യയുമായി

conflict continues in Madhya Pradesh congress Sonia Gandhi to meet Kamal Nath
Author
Delhi, First Published Sep 11, 2019, 6:47 AM IST

ദില്ലി: മധ്യപ്രദേശ് പിസിസിയിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് മുഖ്യമന്ത്രിയും നിലവിലെ പിസിസി അധ്യക്ഷനുമായ കമൽനാഥുമായി കൂടിക്കാഴ്ച നടത്തും. പിസിസി അധ്യക്ഷപദം ജ്യോതിരാദിത്യ സിന്ധ്യക്ക് നൽകാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമൽനാഥും മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും. കമൽനാഥ് മുഖ്യമന്ത്രി ആയതിനാൽ പിസിസി അധ്യക്ഷ പദം ഒഴിയണം എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരുടെ ആവശ്യം.

ഇന്നലെ സോണിയ ഗാന്ധി ജോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ചർച്ചകളെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. ഇരു പക്ഷങ്ങളും നിലപാടുകളിൽ ഉറച്ചുനിന്നാൽ പൊതു സ്വീകാര്യനായ നേതാവിനെ തെരഞ്ഞെടുക്കുന്ന നിലയിലേക്ക് ചർച്ചകൾ കടന്നേക്കും.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയതോടെ കമല്‍നാഥ് പിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്നായിരുന്നു സിന്ധ്യാ അനുകൂലികളുടെ കണക്കുകൂട്ടല്‍.  എന്നാല്‍, മുഖ്യമന്ത്രിയായി എട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കമല്‍നാഥ് അധ്യക്ഷസ്ഥാനത്തു തുടരുകയായിരുന്നു. പല തവണ പാര്‍ട്ടി നേതൃത്വത്തെ സിന്ധ്യ അതൃപ്തി അറിയിച്ചു. 

സിന്ധ്യയെ പിസിസി പ്രസിഡന്‍റാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ യുദ്ധവും തുടങ്ങി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സിന്ധ്യയെ പ്രസിഡന്‍റാക്കണമെന്നാവശ്യപ്പെട്ട് കൂറ്റര്‍ ബോര്‍ഡുകള്‍ ഉയര്‍ന്നു. മിക്ക എംഎല്‍എമാരും മന്ത്രിമാരും സിന്ധ്യക്ക് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് വരെ സിന്ധ്യ സൂചന നല്‍കിയിരുന്നു.

മധ്യപ്രദേശിലെ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നത്തില്‍ അസ്വസ്ഥയായ സോണിയ ഗാന്ധി നേരത്തെ പ്രശ്‌നം പരിഹരിക്കാന്‍ അച്ചടക്ക സമിതി അധ്യക്ഷൻ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios