പട്ടേലിന്റെ ട്വീറ്റിന് മറുപടിയുമായി മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തി. ഗുജറാത്ത് പരിശോധനകളുടെ എണ്ണം കുറച്ചിട്ടില്ലെന്നും എവിടെനിന്നാണ് പട്ടേലിന് കണക്ക് കിട്ടിയതെന്നും രൂപാണി ട്വീറ്റ് ചെയ്തു. 

അഹമ്മദാബാദ്: ഗുജറാത്തില്‍ 10000 കടന്ന് കൊവിഡ് രോഗികള്‍. മരണം 625 കടന്നു. സമീപ ദിവസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വാക്‌പോരുമായി ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്തെത്തി. സര്‍ക്കാര്‍ പരിശോധന കുറക്കുന്നുവെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചത്. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലാണ് ആരോപണത്തിന് തുടക്കമിട്ടത്.

പരിശോധനകളുടെ എണ്ണം എന്തുകൊണ്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ കുറച്ചതെന്ന് പട്ടേല്‍ ട്വീറ്റ് ചെയ്തു. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ദേശീയ നയം അലോസരപ്പെടുത്തുന്നതാണെന്നും വിവരങ്ങള്‍ മറച്ചുവെക്കുന്നതിനേക്കാള്‍ വസ്തുതകളെ സത്യസന്ധമായി സമീപിക്കണമെന്നും പട്ടേല്‍ പറഞ്ഞു. രേഖകള്‍ കാണിച്ചായിരുന്നു പട്ടേലിന്റെ ട്വീറ്റ്. പട്ടേലിന്റെ ട്വീറ്റിന് മറുപടിയുമായി മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തി. ഗുജറാത്ത് പരിശോധനകളുടെ എണ്ണം കുറച്ചിട്ടില്ലെന്നും എവിടെനിന്നാണ് പട്ടേലിന് കണക്ക് കിട്ടിയതെന്നും രൂപാണി ട്വീറ്റ് ചെയ്തു.

താന്‍ സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ചാണ് ട്വീറ്റ് ചെയ്തതെന്നും അല്ലെങ്കില്‍ രൂപാണിയുടെ കണക്കിലോ സര്‍ക്കാറിന്റെ കണക്കിലോ തെറ്റ് സംഭവിച്ചിട്ടുണ്ട്. ആരെങ്കിലുമൊരാള്‍ രാജിവെക്കണമെന്നും പട്ടേല്‍ പരിഹാസ രൂപത്തില്‍ മറുപടി നല്‍കി. സംഭവത്തില്‍ പ്രതികരണവുമായി ബിജെപി വക്താവ് ഭാരത് പാണ്ഡ്യയും രംഗത്തെത്തി. പകര്‍ച്ച വ്യാധിയെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബിജെപി വക്താവ് കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൂറത്തില്‍ നിന്ന് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് നല്‍കിയ കോണ്‍ഗ്രസ് ടിക്കറ്റിന്റെ പണം നല്‍കിയിട്ടില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.