Asianet News MalayalamAsianet News Malayalam

ഒരാഴ്ചയായിട്ടും എയിംസിലെ സർവർ പുന:സ്ഥാപിക്കാനായില്ലെങ്കിൽ എന്ത് ഡിജിറ്റൽ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്?

ഇന്ന് എയിംസ്, നാളെ  മറ്റ് തന്ത്രപ്രധാന മേഖലകളും ആക്രമിക്കപ്പെട്ടേക്കും .എത്ര ദുർബലമാണ് നമ്മുടെ  സംവിധാനങ്ങളെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.എന്‍ ഐ എയും റോയും അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

congress attxck central giverment on delay in reinstalling AIMS software
Author
First Published Nov 29, 2022, 12:02 PM IST

ദില്ലി:എയിംസ് സർവർ ഹാക്കിംഗില്‍ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്.ഒരാഴ്ചയായിട്ടും സർവർ പുന:സ്ഥാപിക്കാനായിട്ടില്ലെങ്കിൽ എന്ത് ഡിജിറ്റൽ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനീഷ് തിവാരി ചോദിച്ചു .ഇന്ന് എയിംസ്, നാളെ  മറ്റ് തന്ത്രപ്രധാന മേഖലകളും ആക്രമിക്കപ്പെട്ടേക്കും .എത്ര ദുർബലമാണ് നമ്മുടെ  സംവിധാനങ്ങളെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.എയിംസ് സെര്‍വര്‍ ഹാക്ക് ചെയ്ത് ഒരാഴ്ചയായിട്ടും പുനസ്ഥാപിച്ചിട്ടില്ല.  സെര്‍വര്‍ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി ആവശ്യപ്പെട്ടതായ വിവരം ദില്ലി പോലീസ് നിഷേധിച്ചു. 

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയുടെ സര്‍വറുകള്‍ ഹാക്ക് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. നാല് കോടിയോളം വരുന്ന രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന് പ്രാഥമിക നിഗമനം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയടക്കം വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ എയിംസിലുണ്ട്. വാക്സീന്‍ പരീക്ഷണത്തിന്‍റെ നിര്‍ണ്ണായക വിവരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സെര്‍വര്‍ തകരാര്‍ എന്നാണ് ആദ്യം എയിംസ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും സംഭവത്തിന്‍റെ ഗൗരവം കൂടുതല്‍ ബോധ്യമായതോടെ കഴിഞ്ഞ വെള്ളിയാഴ്ച ദില്ലി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രാഥമികാന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സൈബര്‍ തീവ്രവാദം തന്നെ നടന്നിരിക്കാമെന്ന നിഗമനത്തില്‍ കൂടുതല്‍ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ഏല്‍പിക്കുകയായിരുന്നു.  ആ ദിശയില്‍ എന്‍ഐഎ പ്രാഥമികാന്വേഷണം തുടങ്ങികഴിഞ്ഞു.  റോ കൂടി അന്വേഷണത്തിന്‍റെ ഭാഗമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. 

 

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റററും, ദ ഇന്ത്യ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമും അന്വേഷണം  നടത്തുന്നുണ്ട്. ഹാക്ക് ചെയ്യപ്പെട്ടതിനാല്‍ പകുതിയിലേറെ വിവരങ്ങള്‍ നഷ്ടപ്പെടാമെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  ഇതിനിടെ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി ആവശ്യപ്പെട്ടെന്ന പ്രചാരണം ദില്ലി പോലീസ് തള്ളി സര്‍വറുകള്‍ ഘട്ടം ഘട്ടമായി പുനസ്ഥാപിച്ച് വരികയാണെന്നാണ് എയിംസ് അധികൃതരുടെ പ്രതികരണം. നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ന്നോയെന്നതില്‍ ആശുപത്രി അധികൃതര്‍ പ്രതികരിക്കുന്നില്ല. 

 

Follow Us:
Download App:
  • android
  • ios