''അതിഘോരമാം കൊടുങ്കാറ്റിതാ, വഴി നീളവേ പ്രതിസന്ധികൾ, തളരില്ല തെല്ലുമിനി വീഥിയിൽ ഒരു ചാട്ടുളി പോലിനി നീങ്ങുമേ..' എന്ന് തുടങ്ങുന്നതാണ് യാത്രാ​ഗീതം.

കന്യാകുമാരി മുതൽ കശ്മീ‍ർ വരെ നീളുന്ന കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ യാത്രാ​ഗീതം പുറത്തിറങ്ങി. രാഹുൽ ​ഗാന്ധി നയിക്കുന്ന യാത്രയിലേക്ക് ജനങ്ങളെ ആഹ്വാനം ചെയ്യുന്നതാണ് ​ഗീതം. ''അതിഘോരമാം കൊടുങ്കാറ്റിതാ, വഴി നീളവേ പ്രതിസന്ധികൾ, തളരില്ല തെല്ലുമിനി വീഥിയിൽ ഒരു ചാട്ടുളി പോലിനി നീങ്ങുമേ..' എന്ന് തുടങ്ങുന്നതാണ് യാത്രാ​ഗീതം. ​കോൺ​ഗ്രസിന്റെ ട്വിറ്റർ ഹാന്റിലിലൂടെയാണ് ​ഗാനം പുറത്തുവിട്ടത്.

രാജ്യത്തിന്‍റെ ഹൃദയം തൊട്ടറിയുന്നതിനായി വിവിധ വിഭാഗങ്ങളുമായി സംവദിച്ചും അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞുമാണ് രാഹുലിന്‍റെ യാത്ര പുരോഗമിക്കുന്നത്. ജോഡോ യാത്രയുടെ മൂന്നാം ദിനത്തില്‍ മാര്‍ത്താണ്ഡത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ രാഹുല്‍ സമയം ചെലവഴിച്ചിരുന്നു. 

Scroll to load tweet…

രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് പര്യടനം. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.

28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കും. ജോഡോയാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ക്രമീകരണങ്ങള്‍ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികള്‍ക്കും കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോയാത്ര കടന്നുപോകും.