ദില്ലി: രാജ്യ തലസ്ഥാനം ആര് ഭരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ. ദില്ലി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ തോൽവി സമ്മതിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി മുകേഷ് ശർമ്മ. വോട്ടെണ്ണി തുടങ്ങി ഒരു മണിക്കൂർ കഴിയുന്നതിന് മുൻപ് തന്നെ വികാസ്പുരിയിലെ സ്ഥാനാർത്ഥിയായ മുകേഷ് ശർമ്മ ട്വീറ്റ് ചെയ്തിരുന്നു. ആം ആദ്മി പാർട്ടിയുടെ മഹീന്ദർ യാദവിനും ബിജെപിയുടെ സഞ്ജയ് സിം​ഗിനുമെതിരെയാണ് മുകേഷ് ശർമ്മ മത്സരിച്ചത്. 

''ഞാൻ എന്റെ തോൽവി അം​ഗീകരിക്കുന്നു. എല്ലാ സമ്മതിദായകർക്കും കോൺ​ഗ്രസ് പ്രവർത്തകർക്കും ഞാൻ‌ നന്ദി അറിയിക്കുന്നു. പ്രദേശത്ത് സമ​ഗ്രമായ വികസനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ദില്ലിയുടെയും മണ്ഡലമായ വികാസ്പുരിയുടെയും എല്ലാവിധ വികസനങ്ങൾക്കും വേണ്ടി വീണ്ടും പരിശ്രമിക്കും.'' മുകേഷ് ശർമ്മ ഹിന്ദി ട്വീറ്റിൽ കുറിച്ചു.

വോട്ടെണ്ണൽ‌ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ ആം ആദ്മിക്കായിരുന്നു മുൻതൂക്കം എന്ന് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായിരുന്നു.  ദില്ലിയിൽ മൂന്നാം തവണയും ആം ആദ്മി ആയിരിക്കും അധികാരത്തിലെത്തുന്നത് എന്ന എക്സിറ്റ് ഫലങ്ങളിൽ വളരെ വ്യക്തമായിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും പാർട്ടി പ്രവർത്തകരും ഇതേ ആത്മവിശ്വാസം തന്നെയായിരുന്നു പ്രകടിപ്പിച്ചത്.