Asianet News MalayalamAsianet News Malayalam

'രാഹുൽ, തിരിച്ചു വരൂ, ഇല്ലെങ്കിൽ കൂട്ടരാജി'യെന്ന് മുഖ്യമന്ത്രിമാർ, വരില്ലെന്ന് രാഹുൽ

മോദിക്കെതിരെ  ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് മറ്റൊരു നേതാവില്ല. പ്രവര്‍ത്തകരുടെ വികാരം മാനിച്ച് അധ്യക്ഷ പദവിയിലേക്ക് തിരിച്ചുവരണം. മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. 

congress chief ministers meets rahul gandhi
Author
New Delhi, First Published Jul 1, 2019, 7:48 PM IST

ദില്ലി: രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോടും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. പാര്‍ട്ടി പദവികള്‍ ഒഴിയാന്‍  സന്നദ്ധരാണെന്ന് രാഹുലുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിമാരും വ്യക്തമാക്കി. ഒരു പടി കൂടി കടന്ന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും പറഞ്ഞു. എന്നാൽ രാഹുലിന്‍റെ നിലപാടിൽ മാറ്റമുണ്ടായില്ല. 

തുഗ്ലക്ക് റോഡിലെ രാഹുലിന്‍റെ വസതിയില്‍ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച. മോദിക്കെതിരെ ഉയര്‍ത്തിക്കാട്ടാന്‍  കോണ്‍ഗ്രസിന് മറ്റൊരു നേതാവില്ല. അതിനാൽ പ്രവര്‍ത്തകരുടെ വികാരം മാനിച്ച് അധ്യക്ഷ പദവിയിലേക്ക് തിരിച്ചുവരണമെന്ന് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്‍റെ തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. അങ്ങിനെയെങ്കില്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജി വയ്ക്കാമെന്ന്  മുഖ്യമന്ത്രിമാരും  അറിയിച്ചു. 

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തിരിച്ചടി പോലും മുന്‍കൂട്ടി കാണാൻ മുഖ്യമന്ത്രിമാര്‍ക്കായില്ലെന്ന വിമര്‍ശനം രാഹുല്‍ ഉന്നയിച്ചതായാണ് സൂചന. പ്രവര്‍ത്തകസമിതി ചേരണമെന്ന ആവശ്യത്തോട് പ്രതികരിച്ചതുമില്ല. ഇതിനിടെ എഐസിസി പട്ടികജാതി സെല്‍ ചെയര്‍മാന്‍, നിതിന്‍ റാവത്ത്, ഉത്തര്‍പ്രദേശ് പിസിസി സെക്രട്ടറി അജയ് സാരസ്വത് തുടങ്ങിയവരും രാജിവച്ചു. അധ്യക്ഷ പദവിയില്‍ രാഹുല്‍ തുടരണമെന്നാവശ്യപ്പെട്ട് എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രവർത്തകർ നിരാഹാരസമരം നടത്തി.

Follow Us:
Download App:
  • android
  • ios