ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തിൽ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചു നിർത്താൻ നിർണായക കരുനീക്കങ്ങളുമായി കോൺഗ്രസ്. മെയ് 23-ന് ഫലം വരുന്ന ദിവസം ദില്ലിയിൽ സംയുക്തയോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചു. 

ബിജെഡിയെ ഒപ്പം നിർത്താൻ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‍നായികുമായി കൂടിക്കാഴ്ച നടത്താനും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി ആലോചിക്കുന്നുണ്ട്. ഇതിന്‍റെ ആദ്യഘട്ടമായി നവീൻ പട്‍നായികുമായി ചർച്ചകൾ നടത്താൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ നിയോഗിച്ചു. നേരത്തേ ഫോനി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മോദി നവീൻ പട്‍നായികിനെ കണ്ടിരുന്നു. അഭിനന്ദനാർഹമായ പ്രവർത്തനമാണ് പട്‍നായികിന്‍റേതെന്ന് മോദി പ്രശംസിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് മോദി വിരുദ്ധ പക്ഷത്തുള്ള പട്‍നായിക് മറുപക്ഷത്തേക്ക് പോകാതിരിക്കാൻ കോൺഗ്രസ് മുൻകരുതലെടുക്കുന്നത്. പ്രധാനമന്ത്രി പദം ഇല്ലെങ്കിലും മോദി വിരുദ്ധ, എൻഡിഎ വിരുദ്ധ പക്ഷത്തിനൊപ്പം നിലയുറപ്പിക്കുമെന്ന് തന്നെയാണ് കോൺഗ്രസ് പലപ്പോഴായി നിലപാടെടുക്കുന്നത്. അതിന്‍റെ തെളിവാണ് ഗുലാം നബി ആസാദിന്‍റെ പ്രസ്താവന.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാൽ പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്നാണ് ഗുലാം നബി ആസാദ് വ്യക്തമാക്കിയത്. എൻഡിഎയും മോദിയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കിടയിലും കോൺഗ്രസിന് വേണ്ടി ധാരണയുണ്ടായാൽ നേതൃത്വം പാർട്ടി ഏറ്റെടുക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു.

Read More: 'പ്രധാനമന്ത്രി പദം ഇല്ലെങ്കിലും പ്രശ്നമില്ല'; നിർണായക പ്രഖ്യാപനവുമായി കോൺഗ്രസ്

സഖ്യനീക്കങ്ങളിൽ ചലനമുണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനമാണ് ഇതിലൂടെ കോൺഗ്രസ് നടത്തിയത്. മോദിക്ക് കഴിഞ്ഞ തവണ കിട്ടിയതു പോലുള്ള മൃഗീയ ഭൂരിപക്ഷം കിട്ടില്ലെന്ന് തന്നെയാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിപദമെന്ന ആവശ്യം പോലും ഉപേക്ഷിച്ച്, മോദി വിരുദ്ധ മുന്നണിക്കൊപ്പം കോൺഗ്രസ് നിൽക്കുന്നത്. 

ദക്ഷിണേന്ത്യയിലാകട്ടെ ഫെഡറൽ മുന്നണിക്കായി പ്രാദേശികനേതാക്കളുമായി തുട‍ർച്ചയായി ചർച്ചകൾ നടത്തുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു കോൺഗ്രസുമായി കൂട്ടുകൂടുന്ന സാധ്യത തള്ളിക്കളയുന്നുമില്ല. തൂക്ക് സഭ വന്നാൽ ഉപപ്രധാനമന്ത്രി പദമാണ് കെസിആറിന്‍റെ ലക്ഷ്യമെന്നാണ് സൂചന. 

പ്രാദേശികപാർട്ടികൾ ദേശീയതലത്തിൽ സമ്മർദ്ദശക്തിയായി ഉയർന്നുവരണമെന്നും അധികാരത്തിൽ കൂടുതൽ ഉയർന്ന പദവികൾ തേടണമെന്നും കെസിആർ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ ഗാന്ധി തന്നെയാകണം പ്രധാനമന്ത്രി എന്ന നിലപാടിൽ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ഉറച്ചു നിന്നു.

ഒരിക്കൽ ബിജെപിയെ പാർലമെന്‍റിൽ പിന്തുണച്ചിട്ടുള്ള കെസിആർ കോൺഗ്രസുമായുള്ള സഖ്യം എഴുതിത്തള്ളുന്നില്ല എന്നതാണ് ശ്രദ്ധേയം. തൂക്ക് സഭ വരികയാണെങ്കിൽ പ്രാദേശിക പാർട്ടികൾക്ക് നിർണായക ശക്തിയുണ്ടാകുമെന്ന കെസിആർ കണക്കുകൂട്ടുന്നു. ഇതുവരെ കോൺഗ്രസുമായി നേരിട്ടൊരു തുറന്ന ചർച്ചയ്ക്ക് കെസിആർ തയ്യാറായിട്ടില്ല. അതിന് ഇനി തയ്യാറാകുമോ എന്നത് കണ്ടറിയണം.

Read More: കെസിആറിന്‍റെ ലക്ഷ്യം ഉപപ്രധാനമന്ത്രിപദം? കോൺഗ്രസുമായുള്ള സഖ്യം തള്ളിപ്പറയില്ലെന്ന് സൂചന

തമിഴ്‍നാട്ടിൽ 39 ലോക്സഭാ സീറ്റുകളുണ്ട്. തെലങ്കാനയിൽ 17, ആന്ധ്രാപ്രദേശിൽ 25, കേരളത്തിൽ 20, കർണാടകത്തിൽ 28. എല്ലാം ചേർത്താൽ 129. ഉത്തർപ്രദേശിലെ 80 സീറ്റിനും പശ്ചിമബംഗാളിലെ 42 സീറ്റിനും ഏറെ മുകളിൽ. ഹിന്ദി ഹൃദയഭൂമിയിൽ തിരിച്ചടി നേരിട്ടാലും അത് ദക്ഷിണേന്ത്യയിൽ നിന്ന് തിരിച്ചു പിടിക്കാനും, അങ്ങനെ മോദിയെ അധികാരത്തിൽ നിന്ന് പുറത്ത് നിർത്താനും കോൺഗ്രസ് കണക്കുകൂട്ടുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.