ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പട്ടിക തയ്യാറായി. 54 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആം ആദ്മിയിൽ നിന്ന് രാജിവെച്ച ആദർശ് ശാസ്ത്രിക്ക് ദ്വാരകയിലും അൽക്ക ലാംബയ്ക്ക് ചാന്ദ്നി ചൗക്കിലും സീറ്റ് നൽകി. പൂനം ആസാദ്, എകെ വാലിയ, അരവിന്ദ് സിംഗ് ലൗലി, കൃഷ്ണ തീരാത്ത് എന്നിവാണ് പട്ടികയിലുള്ള പ്രമുഖർ. അജയ് മാക്കൻ, സന്ദീപ് ദീക്ഷിത് എന്നിവർ പട്ടികയിലില്ല. ദില്ലിയില്‍ അരവിന്ദ് കെജ്‍രിവാളിനെതിരെയുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബാക്കി 14 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

അതേസമയം തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്‍മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി തുടരുകയാണ്.  സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മൂന്ന് എംഎല്‍എമാരാണ് നാലുദിവസത്തിനിടെ പാര്‍ട്ടി വിട്ടത്. ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ് ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ ആദര്‍ശ് ശാസ്ത്രി എന്നിവരാണ് പുറത്തുപോയത്. സീറ്റ് കിട്ടാത്തവരില്‍ പ്രതിഷേധമുള്ള നിരവധിപേര്‍ ഇനിയുമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ സിറ്റിംഗ് എംഎൽഎമാർ ഉയർത്തുന്ന വെല്ലുവിളി അവഗണിച്ച് പ്രചാരണവുമായി മുന്നോട്ടു പോകാനാണ് എഎപിയുടെ തീരുമാനം.