ദില്ലി: ഓസ്കര്‍ പ്രഖ്യാപന ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ട്രോളി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു കോണ്‍ഗ്രസ് സ്വന്തം നിലക്ക് ഓസ്കര്‍ പ്രഖ്യാപിച്ചത്. മികച്ച ആക്ഷന്‍ നടന്‍, മികച്ച വില്ലന്‍, മികച്ച കോമഡി നടന്‍, സഹനടന്‍, നാടകീയ എന്നിവരെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 

മികച്ച ആക്ഷന്‍ നടനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു. ബിജെപി എംപി പ്രജ്ഞ സിംഗ് ഠാക്കൂര്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പിന്തള്ളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവാര്‍ഡിന് തെരഞ്ഞെടുത്തത്. മികച്ച വില്ലനായി ആഭ്യന്തരമന്ത്രി അമിത് ഷായെയും തെരഞ്ഞെടുത്തു. യോഗി ആദിത്യനാഥ്, അനുരാഗ് ഠാക്കൂര്‍ എന്നിവരെ പിന്നിലാക്കിയാണ് അമിത് ഷായെ പ്രഖ്യാപിച്ചത്. 

മികച്ച ഹാസ്യനടനായി ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയെയും പ്രഖ്യാപിച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്‍ , റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരെ പിന്തള്ളിയാണ് മനോജ് തിവാരി പുരസ്കാരത്തിനര്‍ഹമായത്. തിവാരി യോഗ ചെയ്യുന്ന വീഡിയോയും കോണ്‍ഗ്രസ് പോസ്റ്റ് ചെയ്തു. മികച്ച സഹനടനായി മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെയും മികച്ച നാടകീയ നടനായി അരവിന്ദ് കെജ്‍രിവാളിനെയും തെരഞ്ഞെടുത്തു. 

കോണ്‍ഗ്രസിന്‍റെ ഓസ്കര്‍ ട്രോളിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടന്നു.