ദില്ലി: അറസ്റ്റിലായ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ബിജെപി. ബിജെപി നേതാവ്  അമിത് മാളവ്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. രാജ്യത്തെ എല്ലാ സാമ്പത്തിക കുറ്റങ്ങളിലും ഗാന്ധി കുടുംബത്തിന് വേരുകളുണ്ടെന്ന് മാളവ്യ ട്വീറ്റ് ചെയ്തു. വിജയ് മല്യ പതിവായി സോണിയാ ഗാന്ധിക്ക് വിമാനടിക്കറ്റുകള്‍ അയച്ചുകൊടുത്തിരുന്നു. രാഹുല്‍ ഗാന്ധിയാണ് നീരവ് മോദിയുടെ ബ്രൈഡല്‍ കളക്ഷന്‍ ഉദ്ഘാടനം ചെയ്തത്. റാണ കപൂറാണ് പ്രിയങ്കാ ഗാന്ധിയുടെ ചിത്രങ്ങള്‍ വാങ്ങിയത്- മാളവ്യ ട്വീറ്റ് ചെയ്തു. 

ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി. യെസ് ബാങ്ക് തകര്‍ച്ചയില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും എന്താണ് ഒരക്ഷരം മിണ്ടാത്തത്. എങ്ങനെയാണ് യെസ് ബാങ്ക് തകര്‍ന്നത്, ആരാണ് തകര്‍ച്ചക്ക് ഉത്തരവാദി, ബാങ്ക് തകര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നോ എന്നീ ചോദ്യങ്ങളും സുര്‍ജേവാല ഉന്നയിച്ചു. രാജീവ് ഗാന്ധിയില്‍ നിന്ന ലഭിച്ച എംഎഫ് ഹുസൈന്‍റെ ചിത്രമാണ് 10 വര്‍ഷം മുമ്പ് പ്രിയങ്കാ ഗാന്ധി റാണ കപൂറിന് വിറ്റത്. വരുമാന നികുതി റിട്ടേണില്‍ ഇക്കാര്യമെല്ലാം വ്യക്തമാക്കിയതാണ്. പ്രിയങ്കാ ഗാന്ധിക്കെതിരെയുള്ള ആരോപണം യഥാര്‍ത്ഥ സംഭവങ്ങളില്‍ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും സുര്‍ജേവാല പ്രതികരിച്ചു.

2014 മാര്‍ച്ച് മുതല്‍ 2019 മാര്‍ച്ച് വരെ യെസ് ബാങ്കിന്‍റെ വായ്പ 55,000 കോടിയില്‍ നിന്ന് 2.42 ലക്ഷം കോടിയായി ഉയര്‍ന്നു. നോട്ട് നിരോധനത്തിന് ശേഷമുള്ള രണ്ട് വര്‍ഷം വായ്പ ഇരട്ടിയായി വര്‍ധിച്ചു. എങ്ങനെയാണ് വായ്പാ തട്ടിപ്പ് 334 ശതമാനമായി ഉയര്‍ന്നത്. മോദിയും ബിജെപി നേതാക്കളും യെസ് ബാങ്ക് ഉടമയും തമ്മിലുള്ള ബന്ധമെന്താണെന്നും ചോദിച്ചു. ബാങ്ക് പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിക്കുന്ന മാര്‍ച്ച് ആറിന് മൂന്ന് ദിവസം മുമ്പ് യെസ് ബാങ്ക് സ്പോണ്‍സര്‍ ചെയ്ത കോണ്‍ഫറന്‍സില്‍ മോദി പങ്കെടുത്തെന്നും സുര്‍ജേവാല ആരോപിച്ചു.